പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുമ്പോഴും സംഭവത്തെ രാഷ്ട്രീയമായി നേരിടാനാണ് യു.ഡിഎഫ് തീരുമാനം. ഏത് തരത്തിലുള്ള നടപടികളിലേക്കും കടക്കാൻ വിജിലൻസിന് രാഷ്ട്രീയാനുമതി ലഭിച്ചതോടെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലൻസ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷിനെയും വിജിലന്‍സ് ചോദ്യം ചെയ്തേക്കും.
ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി രാഷ്ട്രീയ നേതൃത്വം അറിയാതെ നടക്കില്ലെന്ന വിലയിരുത്തലിലാണ് വിജിലന്‍സ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനും അഴിമതിയില്‍ പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നത്. അതുകൊണ്ട് തന്നെ വീണ്ടും ചോജ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഉടന്‍തന്നെ നോട്ടീസ് നല്‍കിയേക്കും. കേസിന്റെ അന്വേഷണം മുന്‍മന്ത്രിയിലേക്കു കൂടി നീങ്ങുമ്പോള്‍ പാലാരിവട്ടം പാലം തീര്‍ത്തും രാഷ്ട്രീയ വിഷമായി തന്നെ മാറുകയാണ്. യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു. കേസിൽ ഉമ്മൻ ചാണ്ടിക്ക് രക്ഷപെടാൻ കഴിയില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.
അഴിമതിയിൽ പങ്കില്ലെന്നും ഏത് അന്വേഷണത്തെയും യു.ഡി.എഫ് സ്വാഗതം ചെയ്യുന്നവെന്നുമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ കോട്ടയത്ത് പറഞ്ഞത്. പാലാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ച് കേസിനെ പ്രതിരോധിക്കാനാണ് യു.ഡി.എഫ് തീരുമാനം. കേസില്‍ ഇബ്രാഹിം കുഞ്ഞിനെ കൂടാതെ റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷിനെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഇരുവര്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളും തെളിയുന്നുണ്ട്.