മഹാരാഷ്ട്രയില്‍ അധികാരമേറ്റ ഉദ്ദവ് താക്കറെ സര്‍ക്കാരിന്റെ കാബിനെറ്റ് വിപുലീകരണം ഇന്ന് . എന്‍.സി.പിയില്‍ തിരികെയെത്തിയ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് പന്ത്രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്ന് ബാലാസാഹിബ് തോറാട്ട് പറഞ്ഞു.
നിലവില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് പുറമെ ആറ് ക്യാബിനെറ്റ് മന്ത്രിമാര്‍ മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാരിലുള്ളത്. ഇന്നോടെ 36 പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. ആകെ 42 മന്ത്രിമാര്‍ സര്‍ക്കാരിലുണ്ടാകുമെന്നാണ് സഖ്യം തീരുമാനമെടുത്തിരുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ നാടകീയമായി ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിന്റെ നീക്കം, മഹാ വികാസ് അകാഡി സഖ്യത്തെ ഞെട്ടിച്ചിരുന്നു. മുന്‍പ് എന്‍.സി.പി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ രണ്ട് തവണ അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായിട്ടുണ്ട്.
ശിവസേനക്ക് പതിനഞ്ച് മന്ത്രിമാരും എന്‍സിപിക്ക് 14 ഉം കോണ്‍ഗ്രസിന് 12 മന്ത്രിമാരും എന്ന ഫോര്‍മുലയാണ് നേരത്തെ ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളായ അശോക് ചവാന്‍, പൃഥിരാജ് ചവാന്‍ എന്നിവരുടെ സ്ഥാനങ്ങളും കോണ്‍ഗ്രസിന് തീരുമാനിക്കേണ്ടതുണ്ട്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ബാലാസാഹിബ് തോറാട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമാണ്. അതിനാല്‍ പൃഥിരാജ് ചവാന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്നാണ് സൂചനകള്‍.