India National

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.45നാണ് ചടങ്ങ്. ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ഡിസംബര്‍ 3ന് മുന്‍പായി ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കണം.

ഫഡ്നാവിസ് സര്‍ക്കാരിനെ 4 ദിവസം കൊണ്ട് താഴെ ഇറക്കിയ ആഘോഷത്തിലാണ് ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം. അതിനാല്‍ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാണ്. മാത്രമല്ല ഉദ്ധവ് താക്കറെയുടെ ശിവാജി പാര്‍ക്കിലെ സത്യപ്രതിജ്ഞക്ക് പ്രത്യേകതകള്‍ ഏറെയാണ്. 20 വര്‍ഷത്തിന് ശേഷം അധികാരത്തിലെത്തുന്ന ശിവസേന നേതാവ്. മഹാരാഷ്ട്രയിലെ പ്രമുഖ കുടുംബമായ താക്കറെ കുടുംബത്തില്‍ നിന്നും അധികാര കസേരയിലെത്തുന്ന ആദ്യ വ്യക്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി ആദിത്യ താക്കറെ ഇറങ്ങുമ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് പിതാവായ ഉദ്ധവ് താക്കറെ എത്തിയതും അവിചാരിതം. പിതാവായ ബാല്‍ താക്കറെക്ക് നല്‍കിയ വാക്ക് തന്നിലൂടെ തന്നെ നിറവേറ്റുകയാണ് ഉദ്ധവ് താക്കറേ.

1966ല്‍ ബാല്‍താക്കറെ ശിവസേന രൂപീകരണ പ്രഖ്യാപനം നടത്തിയ അതേ ശിവാജി പാര്‍ക്കില്‍ വച്ച് ഇത്രയും കാലം ശത്രുമായി കണ്ട കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറുന്നു എന്നതും ശ്രദ്ധേയം. മുഖ്യമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തലവന്‍മാര്‍, നേതാക്കള്‍ തുടങ്ങി നിരവധി നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി , അരവിന്ദ് കേജ്‍രിവാള്‍ അടക്കമുള്ളവര്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പാര്‍ക്കില്‍ 2000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.