ഒരാഴ്ച്ചക്കു മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രിയയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്നാവിസിന് അഭിനന്ദമറിയിച്ച് ട്വീറ്റ് ചെയ്ത അതേ വാചകങ്ങളില്‍ പേരുകള്‍ മാത്രം മാറ്റി പിന്നീട് അധികാരമേറ്റ ഉദ്ധവ് താക്കറേക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആശംസ ട്വീറ്റ്. നവംബര്‍ 23 നാണ് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും എന്‍.സി.പി നേതാവ് അജിത് പവാറും മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് പിന്നാലെയാണ് പ്രധാന മന്ത്രി ഇരുവര്‍ക്കും ആശംസയുമായെത്തിയത്.
‘മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനും അഭിനന്ദനങ്ങള്‍. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്ക് വേണ്ടി ഇരുവരും ഏറെ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്’ ഇതായിരുന്നു മോദിയുടെ ട്വീറ്റ്. ഒരാഴ്ച്ചക്കിപ്പുറം കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഫഡനാവിസും അജിത്പവാറും രാജിവെച്ചു.
നവംബര്‍ 28 ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെയെത്തി മോദിയുടെ അഭിനന്ദന ട്വീറ്റ്. ‘മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെജിയ്ക്ക് അഭിനന്ദനങ്ങള്‍. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്ക് വേണ്ടി അദ്ദേഹം ഏറെ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്’. ഇങ്ങനെയായിരുന്നു മോദിയുടെ ട്വീറ്റ്. പഴയ ട്വീറ്റിലെ അതേ വാചകങ്ങള്‍, പേരുകള്‍ മാത്രം മാറ്റി.
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് നീങ്ങുന്നതിനിടയില്‍, നവംബര്‍ 23-ന് ഏറെ അപ്രതീക്ഷിതമായാണ് ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. പെട്ടെന്ന് രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയും ശനിയാഴ്ച പുലര്‍ച്ചെ ഇരുവരും രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് നവംബര്‍ 27-ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിശ്വാസ വോട്ടിന് ശ്രമിക്കാതെ ഇരുവരും നവംബര്‍ 26 ന് രാജിവെച്ചു.