വിവാദമായ യു.എ.പി.എ നിയമഭേദഗതി ബില്ല് ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും. സംഘടനകള്‍ക്ക് പുറമെ വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതാണ് യു.എ.പി.എ നിയമ ഭേദഗതി ബില്ല്. ബില്ലിനെതിരെ നേരത്തെ തന്നെ ശക്തമായ വിമര്‍ശമുയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അവതരിപ്പിച്ച യു.എ.പി.എ ഭേദഗതി ബില്ലിന് ഇന്ന് അംഗീകാരം ലഭിച്ചാൽ ഭീകരവാദബന്ധം സംശയിക്കുന്ന വ്യക്തികളെ കൂടി ഭീകരരായി പ്രഖ്യാപിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.എക്ക് അധികാരം ലഭിക്കും. കൂടെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും എന്‍.ഐ.എക്ക് സാധിക്കും.
നിലവിലെ വ്യവസ്ഥയനുസരിച്ച് സംഘടനകള്‍ക്കെതിരെ മാത്രമേ ഇത്തരം നടപടികളെടുക്കാന്‍ എന്‍.ഐ.എക്ക് അധികാരമുള്ളൂ. കഴിഞ്ഞ ആഴ്ച സഭയില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം കടുത്ത എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തെളിയിക്കപ്പെടുന്നതിന് മുമ്പ് തന്നെ ആരോപിതരെ കുറ്റവാളിയായി പ്രഖ്യാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശം. എന്‍.ഐ.എ ഏറ്റെടുക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ ഇന്‍സ്പെക്ടര്‍ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ക്കും ഭേദഗതിയനുസരിച്ച് അനുമതി ലഭിക്കും. എന്‍.ഐ.എയുടെ ദുരുപയോഗം വര്‍ധിപ്പിക്കുമെന്നും വിമര്‍ശമുണ്ട്.
സഭാംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ വോട്ടിനിട്ടാകും ബില്ല് പാസാക്കുക. മോട്ടോര്‍ വെഹിക്കിള്‍ ഭേദഗതി ബില്ല്, വിവരാവകാശ നിയമ ഭേദഗതി ബില്ല്, മെഡിക്കല്‍ കമ്മീഷന്‍ ഭേദഗതി ബില്ല് എന്നിവയും ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും. ഉത്തര്‍പ്രദേശില്‍ ആദിവാസി കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചട്ടം 267 അനുസരിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ധനവിനിയോഗ ബില്ലിന് പുറമെ ലോക്സഭ നേരത്തെ പാസാക്കിയ മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലും ഇന്ന് രാജ്യസഭ ചര്‍ച്ച ചെയ്യും.