India National

കടം തിരിച്ചു ചോദിച്ചതിന്റെ പേരിൽ അലിഗഡിൽ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ അലിഗഡിൽ രണ്ടരവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് കുട്ടിയുടെ മാതാവിന്റെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കുറ്റാരോപിതർ പെൺകുട്ടിയുടെ പിതാമഹനിൽ നിന്ന് അൻപതിനായിരം രൂപ കടം വാങ്ങിച്ചിരുന്നു. 40000 രൂപ തിരികെ നൽകിയിരുന്നുവെന്നും പെൺകുട്ടിയെ തട്ടി കൊണ്ട് പോകുന്നതിനു രണ്ട് ദിവസം മുൻപ് ബാക്കി കിട്ടാനുള്ള 10000 രൂപ കൂടി ചോദിച്ചതിന്റെ പേരിൽ തർക്കം നടന്നിരുന്നുവെന്നും പോലീസ് പറഞ്ഞു . ഇതിനു പകരം വീട്ടുമെന്ന് കുറ്റാരോപിതൻ ഭീക്ഷണി മുഴക്കിയിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. അറസ്റ്റിലായ രണ്ട് പേരും കുട്ടിയുടെ അയൽക്കാരാണ് . ഇവർക്ക് വധശിക്ഷ നൽകണമെന്നാണ് കുട്ടിയുടെ മാതാവിന്റെ ആവശ്യം.

ക്രൂരമായ ശാരീരിക പീഡനങ്ങൾക്കാണ് കുട്ടി ഇരയായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൈകൾ തല്ലിച്ചതച്ച് കണ്ണ് ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലായെന്നും പരിശോധനാ സാമ്പിളുകൾ ആഗ്രയിലെ ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി . ഒരാഴ്ചക്കകം റിപ്പോർട്ട് ലഭിക്കുമെന്നും അതിനു ശേഷം മാത്രമേ കൊലപ്പെടുത്തും മുൻപ് ലൈംഗിക പീഡനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാകൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു

സംഭവം ഹൃദയഭേദകമാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. അറസ്റ്റിലായ രണ്ടു പേർക്കെതിരെയും ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കാൻ ശിപാർശ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ദേശീയ സുരക്ഷാ നിയമ പ്രകാരം ഒരാളെ കുറ്റം ചുമത്താതെ ഒരു വര്‍ഷത്തോളം തടവിലിടാൻ കഴിയും.