India National

ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണം; രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നക്സലൈറ്റ് ആക്രമണം. പൊലീസ് ചാരന്മാർ എന്ന് സംശയിച്ച് രണ്ട് പേരെ കൊലപ്പെടുത്തി. ദുല്ലെഡ് ഗ്രാമത്തിലെ താമസക്കാരായ സോഡി ഹംഗയും മാദ്വി നന്ദയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നക്സലൈറ്റുകളുടെ പാംഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തു. നക്സലിസം ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് സുക്മ.

ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ വിജയ് ശർമ്മ അടുത്തിടെ സുക്മ-ബിജാപൂർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സിൽഗർ ഗ്രാമം സന്ദർശിച്ചിരുന്നു. ജനുവരി 30-ന് ഗ്രാമത്തിൽ നടന്ന നക്സൽ ആക്രമണത്ത് പിന്നാലെയായിരുന്നു സന്ദർശനം. ഈ ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ മാസം ആദ്യം, ഗോണ്ട്പള്ളി, പർലഗട്ട, ബഡേപള്ളി എന്നിവയ്‌ക്കിടയിലുള്ള മലയോര വനത്തിൽ നക്‌സലൈറ്റുകളും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സും (സിആർപിഎഫ്), ജില്ലാ റിസർവ് ഗാർഡും (ഡിആർജി) ബസ്തർ പോരാളികളും ഉൾപ്പെടെയുള്ള സുരക്ഷാ സേനകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. എട്ടുമറ്റലിന് ശേഷം നടത്തിയ തെരച്ചിലിൽ തലയ്ക്ക് എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സലിൻ്റെ മൃതദേഹം കണ്ടെത്തി.