മണിപ്പൂർ സ്റ്റുഡന്റസ് അസോസിയേഷന്റെ രണ്ട് വിദ്യാർഥി നേതാക്കള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സംസ്‌കൃത ഭാഷ നിർബന്ധമാക്കുന്നതിനെതെരെയുള്ള പ്രതിഷേധത്തിനിടയിൽ ഒരു വിഭാഗത്തിനെതിരെ വർഗീയ വിദ്വേഷ പരാമർശം നടത്തിയെന്ന കുറ്റം ആരോപിച്ചാണ് വിദ്യാർഥി നേതാക്കളെ ഡൽഹി പൊലീസും മണിപ്പൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മണിപ്പൂരിലെ വിദ്യാലയങ്ങളിൽ സംസ്‌കൃത ഭാഷ നിർബന്ധമാക്കാൻ ഉള്ള സർക്കാർ തീരുമാനത്തെ “ദി മണിപ്പൂർ സ്റ്റുഡന്റസ് അസോസിയേഷൻ” എതിർത്തിരുന്നു. മണിപ്പൂർ സ്റ്റുഡന്റസ് അസോസിയേഷൻ ഡൽഹി സെക്രട്ടറി സിംഗജിത്, ഓർഗനൈസേഷൻ സെക്രട്ടറി കെനെടി എന്നിവരെയാണ് ഡൽഹി പൊലീസും, മണിപ്പൂർ പൊലീസും അടങ്ങുന്ന ഒരു സംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
ഇരുവരെയും ചോദ്യം ചെയ്യലിനായി ഇംഫാലിലേക്ക് കൊണ്ടുപോയി.153A അടക്കമുള്ള വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സംസ്‌കൃതം സ്കൂളുകളിലും കോളേജുകളിലും നിർബന്ധമാക്കാനുള്ള മണിപ്പൂർ വിദ്യാഭ്യാസ മന്ത്രി എസ് രാജൻ സിംഗിന്റെ തീരുമാനത്തെ തുടർന്നാണ് മണിപ്പൂർ സ്റ്റുഡന്റസ് അസോസിയേഷൻ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഒരു വിഭാഗത്തിനെതിരെ മോശമായി പരാമർശം ഉണ്ടായി എന്നതിന്റെ പേരിലാണ് വിദ്യാർഥികൾക്ക് എതിരെ ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. മണിപ്പൂർ സർക്കാർ ആർ.എസ്.എസിന്റെ അനുഭാവികള്‍ ആണെന്നും സംസ്‌കൃതം നിർബന്ധമാക്കുക വഴി മണിപ്പൂർ ജനതയെ വിദ്യാഭ്യാസപരമായും, ഭാഷപരമായും അടിമകളാക്കാൻ നോക്കുകയാണെന്നും അസോസിയേഷൻ പറഞ്ഞിരുന്നു.
“സംസ്കൃത ഭാഷ വെറുപ്പിന്റെയും, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങളുടെയും, പുരുഷ മേധാവിത്വത്തിന്റെയും ബ്രാഹ്മണിക്കൽ മേൽക്കൊയ്മയുടെയും ഭാഷ ആണ്. 30 ഓളം പ്രാദേശിക ഭാഷകൾ ഉള്ള മണിപ്പൂരിൽ പലതും ഇന്ന് നാശത്തിന്റെ വക്കിലാണ് അങ്ങനെ ഉള്ളപ്പോൾ സംസ്‌കൃതം പോലെ ഒരന്യഭാഷ അടിച്ചേൽപ്പിക്കുന്നത് തീർത്തും കൊളോണിയൽ മനോഭാവമാണെന്ന് മണിപ്പൂർ സ്റ്റുഡന്റസ് അസോസിയേഷൻ പറഞ്ഞു”. “ബാസ്റ്റഡ്” എന്ന പദം പ്രയോഗിച്ചത് തെറ്റായിപ്പോയി എന്ന് അസോസിയേഷൻ നവംബർ മുപ്പത്തിന് തന്നെ അറിയിച്ചിരുന്നു. ഒരു വിഭാഗത്തെയും, ആളുകളെയും ആക്ഷേപിക്കാൻ ആയിരുന്നില്ല മറിച്ച് ജനാധിപത്യ വിരുദ്ധമായ ആശയത്തിന് എതിരെ പ്രതികരിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അസോസിയേഷൻ വ്യക്തമാക്കിയതാണ്.