India National

രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന്‍ ഉപയോഗിച്ച് ലോകത്തെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാര്‍- മോദി

രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 16-ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും ഉയര്‍ന്ന രോഗമുക്തി നിരക്കമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ന് ഒന്നല്ല, രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ കൊറോണ വൈറസ് വാക്‌സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാറാണ്. ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകള്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ ഇന്ന് ശക്തവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി നില്‍ക്കുന്നു’ മോദി പറഞ്ഞു.

പി.പി.ഇ കിറ്റ്, മാസ്‌ക്, വെന്റിലേറ്റര്‍ മുതലായ ഉപകരണങ്ങള്‍ നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് വന്നിരുന്നത്‌. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്. അഴിമതി തടയുന്നതിന് ഇന്ത്യ ഇന്ന് ടെക്‌നോളജി ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക്‌ അക്കൗണ്ടിലേക്കെത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.