India

അസമില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അസമില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒന്‍പത് പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ദാര്‍രംഗ് ജില്ലയിലാണ് സംഭവം.

സംസ്ഥാന കാര്‍ഷിക പദ്ധതിയില്‍പ്പെട്ട ഭൂമിയില്‍ നിന്ന് അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയത്തോടെയാണ് സംഘര്‍ഷമുണ്ടായത്. ആയിരക്കണക്കിന് പ്രദേശവാസികള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. വന്‍ സന്നാഹങ്ങളുമായി എത്തിയ പൊലീസ്, ജനങ്ങളെ മര്‍ദിക്കുന്നതും വെടിവയ്ക്കുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, രണ്ടു പേര്‍ കൊല്ലപ്പെട്ട കാര്യം പൊലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

സംഘര്‍ഷം ഉണ്ടായതോടെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശര്‍മ പറഞ്ഞു. അസമിലേത് സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഭീകരതയെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സംഭവത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.