ഓടിക്കൊണ്ടിരിക്കെ ടെയിനിന് തീ പിടിച്ച് 2 ബോഗികൾ കത്തി നശിച്ചു. ദുർഗ്-ഉധംപൂർ എക്സ്പ്രസിനാണ് തീ പിടിച്ചത്. ആളപായം ഇല്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.
രാജസ്ഥാനിലെ ധൗൽപൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയിൽ ഇന്ന് വൈകട്ട് നാലോടെയാണ് സംഭവം. ജമ്മു താവി -ദുർഗ് എക്സ്പ്രസ് (ദുർഗ്-ഉധംപൂർ എക്സ്പ്രസ് -20848) ഹേതാംപൂർ റെയിൽവേ സ്റ്റേഷൻ വിട്ട് ഝാൻസിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. എ1, എ2 കോച്ചുകൾ പൂർണമായും കത്തിനശിച്ചു.
തീ കണ്ടയുടൻ ട്രെയിൻ നിർത്തി എല്ലാ യാത്രക്കാരെയും ഇറക്കിവിട്ടത് വൻ ദുരന്തം ഒഴിവാക്കി. എയർകണ്ടീഷൻ ചെയ്ത കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. മൊറീനയിൽ നിന്നും ധോൽപൂരിൽ നിന്നും നിരവധി ഫയർ എൻജിനുകൾ എത്തിയാണ് തീയണക്കാൻ നേതൃത്വം നൽകിയത്.