റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് താംബരം സേലയൂരിൽ ആണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലെ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ആണ് ദാരുണ അപകടമുണ്ടായത്. തമിഴ് ന്യൂസ് ചാനല്‍ ന്യൂസ് ജെയിലെ സീനിയർ റിപ്പോർട്ടർ പ്രസന്ന (36), ഭാര്യ അർച്ചന (30), മാതാവ് രേവതി (59) എന്നിവരാണു മരിച്ചത്. രാത്രി 2 മണിയോടെയാകാം അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. പ്രസന്ന, രേവതി എന്നിവരുടെ മൃതദേഹങ്ങള്‍ സ്വീകരണമുറിയിലും അര്‍ച്ചനയുടേത് കിടപ്പുമുറിയിലുമാണു കണ്ടെത്തിയത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും തുണികളും മാത്രമാണ് കത്തി നശിച്ചത്. റഫ്രിജറേറ്ററിൽ നിന്നുള്ള വിഷ വാതകവും, പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷപ്പുകയും ശ്വസിച്ചതാവാം മരണകാരണമെന്നു പൊലീസ് പറഞ്ഞു. എസി പ്രവർത്തിപ്പിക്കാൻ വീട്ടിലെ ജനലുകളും വാതിലുകളും അടച്ചിട്ടത് വിഷവാതകം വീട്ടിൽ തങ്ങി നിൽക്കാൻ കാരണമായെന്നാണു പൊലീസ് നിഗമനം. സേലയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടുകാരനായ പ്രസന്ന പത്ത് വര്‍ഷത്തോളമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്. തന്തി ടിവി. ജിടിവി എന്നിവിടങ്ങളിലും പ്രസന്ന ജോലി ചെയ്തിട്ടുണ്ട്. പ്രസന്ന നിലവില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ന്യൂസ് ജെ എ.ഐ.എ.ഡി.എം.കെയുടെ ഉടമസ്ഥതിയിലുള്ളതാണ്.