India National

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് വീണ്ടും ട്രംപ്

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് സന്നദ്ധത അറിയിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ട്രംപ് പറഞ്ഞു. കശ്മീരില്‍ സങ്കീര്‍ണ സാഹചര്യമെന്നും ട്രംപ് ആവര്‍ത്തിച്ചു. കശ്മീര്‍ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയതിന് ശേഷം വീണ്ടും ട്രംപ് മധ്യസ്ഥതക്കായി സന്നദ്ധത ആവര്‍ത്തിക്കുകയാണ്.

നരേന്ദ്രമോദിയുമായും പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായും ട്രംപ് കഴിഞ്ഞ ദിവസം ടെലിഫോണില്‍ സംസാരിച്ചിരുന്നു. ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാകൂ എന്നാണ് സംഭാഷണത്തിനു ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങിനെ വിളിച്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക്‌ എസ്പർ, ഉഭയ കക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതികരിച്ചിരുന്നു.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥ ശ്രമവുമായി ഇത് മൂന്നാംതവണയാണ് ട്രംപ് രംഗത്തുവരുന്നത്. മധ്യസ്ഥത വഹിക്കാന്‍ നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവന ഏറെ വിവാദമാകുകയും ഇക്കാര്യം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ കൂടെയാണ് ചൈന നില്‍ക്കുന്നത്. ഈ അവസരത്തില്‍ ഇന്ത്യയേയും പാകിസ്താനേയും ഒരേസമയം ഒപ്പം നിര്‍ത്താനാണ് ട്രംപിന്റെ ശ്രമം.