India National

മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു

പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനെതിരെ മഹുവ സമര്‍പ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. ഇതേത്തുടർന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നടപടി.

എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ഒരു സ്ക്വാഡ് രാവിലെ മഹുവ മൊയ്ത്രയുടെ സർക്കാർ ബംഗ്ലാവിൽ എത്തി. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതായാണ് റിപ്പോർട്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സർക്കാർ വസതിക്ക് സമീപം കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രവർത്തകരുടെ പ്രവേശനം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

അം​ഗത്വം റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. മഹുവ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. ഈ ഉത്തരവിനെതിരെ മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ വസതി ഒഴിയാൻ നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിക്കുകയായിരുന്നു.