India National

‘ആറ് സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, രണ്ടിൽ കൂടുതൽ ഇല്ലെന്ന് തൃണമൂൽ’; പശ്ചിമ ബംഗാളിൽ ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

പശ്ചിമ ബംഗാളിൽ ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി രൂക്ഷം. ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി രൂക്ഷം. രണ്ടിൽ കൂടുതൽ സീറ്റ് കോൺഗ്രസിന് നൽകില്ലെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു. എന്നാൽ ആറ് സീറ്റുകൾ തന്നെ വേണമെന്ന നിലപാടലാണ് കോൺഗ്രസ്. മമതയ്ക്ക് എതിരെ അധിർ രഞ്ജൻ ചൗധരി പ്രസ്താവനയിലും പ്രതിഷേധം അറിയിച്ചു.തൃണമൂലിന്റെ ദയയിലല്ല കോൺഗ്രസിന്റെ ശക്തിയെന്ന് ഓർക്കണമെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം നിർദേശിച്ചു.

അതേസമയം ‘ഇന്ത്യ’ മുന്നണിയിൽ സീറ്റു വിഭജന ചർച്ച തുടങ്ങും മുൻപ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ജെ.ഡി.യുവിന്റെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബീഹാർ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ നിതീഷ് കുമാ‌ർ. അരുണാചൽ വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെയാണ് പ്രഖ്യാപിച്ചത്. അരുണാചൽ സംസ്ഥാന അദ്ധ്യക്ഷൻ റുഹി താൻഗങാണ് സ്ഥാനാർത്ഥി. 2019ലെ തിരഞ്ഞെടുപ്പിൽ ഈ സീറ്റിൽ ബി.ജെ.പിയാണ് ജയിച്ചത്. കോൺഗ്രസിനും പിന്നിൽ മൂന്നാമതായിരുന്നു ജെ.ഡി.യു.

‘ഇന്ത്യ’ മുന്നണിയിൽ സീറ്റ് വിഭജന ചർച്ച തുടങ്ങും മുമ്പേയുള്ള പ്രഖ്യാപനം സ്ഥാനാർത്ഥി നിർണയത്തിലെ മെല്ലെപ്പോക്കിലുള്ള അതൃപ്തി പ്രകടിപ്പിക്കുന്നതു കൂടിയാണ്. നിതീഷ് ജെ.ഡി.യു അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണയവും വേഗത്തിലാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.

അതിനിടെ, നിതീഷ് കുമാറിനെ അനുനയിപ്പിക്കുന്നതു സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഉൾപ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി നേതാക്കളുമായി ഓൺലൈനിൽ ചർച്ച നടത്തി. ഓൺലൈൻ യോഗത്തിലേക്ക് ജെഡിയു പ്രതിനിധിയെ ക്ഷണിച്ചിരുന്നില്ല. ‘ഇന്ത്യ’ മുന്നണി ചെയർമാനായി മല്ലികാർജുൻ ഖാർഗെയെയും കൺവീനറായി നിതീഷ് കുമാറിനെയും നിയമിക്കുന്ന കാര്യം പരിഗണനയിലാണ്.