എന്‍.ഡി.എയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. പദവി നല്‍കിയില്ലെങ്കില്‍ എന്‍.സി.പിയുമായി ശിവസേന നീക്കുപോക്കുണ്ടാക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. എന്നാല്‍ ശിവസേനയുമായുള്ള സഖ്യ സാധ്യത തള്ളി എന്‍.സി.പി രംഗത്തെത്തിയതോടെ ശിവസേനയുടെ വിലപേശല്‍ സാധ്യതക്ക് മങ്ങലേറ്റു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ വന്നത് മുതല്‍ ആരംഭിച്ച വിലപേശല്‍ എന്‍.ഡി.എയില്‍ ഇപ്പോഴും തുടരുകയാണ്. എന്‍.ഡി.എക്ക് ലഭിച്ച 161 ല്‍ 56 സീറ്റ് നേടിയ ശിവസേനയാണ് 50 50 ഫോര്‍മൂലയുമായി ആദ്യം രംഗത്തെത്തിയത്. രണ്ട്ര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്നും അതില്‍ ആദ്യ ഊഴം തന്നെ നല്കണമെന്നുമായിരുന്നു ശിവസേനയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. അതിനിടെ എന്‍.സി.പിയുമായി നീക്കുപോക്കിന് ശിവസേന ശ്രമിക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ശിവസേനയുമായുള്ള സഖ്യം തള്ളി എന്‍.സി.പി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
എങ്കിലും അണിയറ നീക്കങ്ങള്‍ സജീവമാണെന്നാണ് ലഭിക്കുന്ന സൂചന. സഖ്യസാധ്യത എന്‍.സി.പി തള്ളിയതോടെ ബി.ജെ.പിയുമായുള്ള ശിവസേനയുടെ വിലപേശല്‍ സാധ്യത മങ്ങിയിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രി പദത്തിലേക്ക് ആദിത്യ താക്കറെയുടെ പേര് ഉയര്‍ത്തിക്കാണിച്ചുള്ള പോസ്റ്ററുകള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഇതിനിടെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി ഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. വേഗത്തില്‍ സമവായമുണ്ടാക്കി സര്‍ക്കാറുണ്ടാക്കാനാണ് ബി.ജെ.പി ശ്രമം.