India National

‘സാര്‍, മാഡം എന്നേ വിളിക്കാവൂ’..

നിരത്തില്‍ ആളുകളോട് വിനയത്തോടെ പെരുമാറണമെന്ന് മുംബൈയിലെ ട്രാഫിക് പൊലീസിന് നിര്‍ദേശം. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള പിഴയോ ശിക്ഷയോ ഉറപ്പാക്കണം. പക്ഷേ സ്വരം കടുപ്പിക്കരുതെന്നാണ് ജോയിന്‍റ് ട്രാഫിക് കമ്മീഷണര്‍ യാഷവി യാദവ് ആവശ്യപ്പെട്ടത്.

സാര്‍, മാഡം എന്നെല്ലാം വേണം നിയമ ലംഘനത്തിന് നിരത്തില്‍ തടയുന്നവരെ പോലും അഭിസംബോധന ചെയ്യാന്‍. 2500ല്‍ അധികം പൊലീസുകാരുണ്ട് മുംബൈ ട്രാഫിക് പൊലീസില്‍. ജനങ്ങളോടുള്ള സ്വരം മാറ്റാന്‍ ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

“മുംബൈ പൊലീസിന്‍റെ യശസ്സ് എന്നത് നമ്മള്‍ എങ്ങനെ ആളുകളോട് ഇടപെടുന്നു എന്നത് അനുസരിച്ചായിരിക്കും. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള ശിക്ഷ ഉറപ്പാക്കണം. പക്ഷേ ബഹുമാനത്തോടെ വേണം അവരോട് ഇടപെടാന്‍”- എന്നാണ് യാഷവി യാദവ് പൊലീസിന് നല്‍കിയ നിര്‍ദേശം. വൈകാതെ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാഫിക് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് പൊലീസുകാര്‍ക്ക് ലഭിക്കും. ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് ഉണ്ട്.