India National

ബാലാകോട്ട് ആക്രമണം; തെളിവുകള്‍ പുറത്ത് വരട്ടെയെന്ന് ടി.പി ശ്രീനിവാസന്‍

പാകിസ്താനിലെ ബാലാകോട്ടില്‍ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവരട്ടെയെന്ന് മുന്‍ അംബാസഡറും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ ടി.പി ശ്രീനിവാസന്‍. ഇന്ത്യയുടെ വിജയം സംബന്ധിച്ച് ലോകത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം രാജ്യത്തിന്റെ അവകാശവാദത്തെ എതിര്‍ത്താണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇക്കാര്യത്തില്‍ ലോകത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്ത്യക്കുണ്ടെന്നും ടി.പി ശ്രീനിവാസന്‍ പറഞ്ഞു. മീഡിയവണിലെ സ്‌പെഷ്യല്‍ എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ലോകത്തിലെ പ്രശസ്തമായ പത്രങ്ങളൊക്കെ പറയുന്നത് ബാലാകോട്ടിലെ ഭീകരരുടെ ക്യാമ്പൊക്കെ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ നിന്ന് മാറിപ്പോയിട്ടുണ്ടെന്നാണ്. എല്ലാ വിദേശമാധ്യമങ്ങളും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ ഗ്രാമങ്ങളില്‍ പോയി നോക്കിയവരും റോയിട്ടേഴ്‌സുമൊക്കെ അതാണ് പറയുന്നത്. അപ്പോള്‍ നമുക്ക് തെളിവുകളുണ്ടെങ്കില്‍ കാണിക്കേണ്ട സന്ദര്‍ഭമാണിത്. യഥാര്‍ത്ഥത്തില്‍ നമ്മളവിടെ എത്ര നാശമുണ്ടാക്കിയെന്ന കാര്യത്തില്‍ നമുക്കൊരു ക്രെഡിബിലിറ്റി ഇല്ല. ചിലര്‍ പറയുന്നു അവിടെ ഒരു മദ്രസ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബാക്കിയെല്ലാം മാറിപ്പോയിട്ട് വര്‍ഷങ്ങളായെന്നും നമ്മള്‍ പഴയ മാപ്പിലാണ് നോക്കിയെന്നും. അപ്പോള്‍ അതില്‍ സത്യമെന്താണെന്ന് നമ്മുടെ ആളുകള്‍ പോലും സംശയിച്ച് തുടങ്ങിയിട്ടുണ്ട്. അപ്പോള്‍ അതുകൊണ്ട് ഏത് തരത്തിലായാലും ഇക്കാര്യത്തില്‍ നമുക്ക് വിജയമുണ്ടായിട്ടുണ്ടെന്നത് ലോകത്തെ പറഞ്ഞ് മനസിലാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.