India National

ഷോപ്പിയാനില്‍ കൊല്ലപ്പെട്ട 5 പേർ ഹിസ്ബുൾ തീവ്രവാദികളാണെന്ന് സൈന്യം

ഇന്നലെ രാവിലെ മുതൽ പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത്

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷ സേനയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 5 പേർ ഹിസ്ബുൾ തീവ്രവാദികളാണെന്ന് സൈന്യം. ഇന്നലെ രാവിലെ മുതൽ പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ചത്.

ഷോപ്പിയാനിൽ റെബാനിൽ ഇന്നലെ രാവിലെ മുതലാണ് ഏറ്റുമുട്ടൽ തുടങ്ങിയത് . തിരച്ചിലിനിടെ തീവ്രവാദികളുടെ താവളം സൈന്യം കണ്ടെത്തുകയായിരുന്നു. ഇവിടെ ആറ് തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്നായിരുന്നു സൈന്യത്തിലെ ആദ്യം ലഭിച്ച രഹസ്യ വിവരം. സൈന്യം പരിശോധന തുടങ്ങിയതോടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന്‍റെ വെടിയേറ്റ് 5 പേരാണ് മരിച്ചത്. ഇവർ ഹിസ്ബുൾ മുജാഹിദിൻ തീവ്രവാദികളാണെന്ന് സേന അറിയിച്ചു. ഇവരിൽ ഒരാൾ സംഘടനയുടെ ടോപ്പ് കമാൻഡറാണെന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായും സേന വ്യക്തമാക്കി.

കരസേന,ജമ്മു കശ്മീർ പൊലീസ്, സി.ആർ.പി.എഫ് ഉൾപ്പെടെ സൈനിക വിഭാഗങ്ങൾ സംയുക്തമായാണ് തീവ്രവാദികളെ നേരിട്ടത്. വൈകിട്ടാണ് ഏറ്റുമുട്ടൽ അവസാനിച്ചത്. മുൻകരുതലിന്‍റെ ഭാഗമായി ഷോപ്പിയാൻ, കുൽഗാം ജില്ലകളിൽ ഇന്‍ർനെറ്റ് നിരോധിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസത്തോളമായി ഷോപ്പിയാൻ, കുൽഗാം ജില്ലകളിൽ തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ വർദ്ധിച്ചിട്ടുണ്ട്.