ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സായ പാരലിമ്പിക്സ് ഈ മാസം 24 മുതൽ ആരംഭിക്കും. ടോക്യോയിൽ തന്നെയാണ് പാരലിമ്പിക്സും നടക്കുക. മത്സരങ്ങൾക്കായി 54 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. ഇതുവരെ പാരലിമ്പിക്സിൽ പങ്കെടുത്തതിൽ വച്ച് ഏറ്റവും വലിയ ഇന്ത്യൻ സംഘമാണ് ഇത്. (tokyo paralympics 54 members)
കഴിഞ്ഞ പാരലിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടിയ ഹൈജമ്പ് താരം മാരിയപ്പൻ തങ്കവേലുവാണ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകൻ. കഴിഞ്ഞ തവണ, റിയോയിൽ വച്ച് നടന്ന പാരലിമ്പിക്സിൽ 19 അത്‌ലീറ്റുകളാണ് ഇന്ത്യയിൽ നിന്ന് പങ്കെടുത്തത്. രണ്ട് സ്വർണവും ഒന്ന് വീതം വെള്ളിയും വെങ്കലവും അടക്കം നാല് മെഡലുകൾ നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ 2016ൽ കാഴ്ചവച്ചത്.
മാരിയപ്പനൊപ്പം ദേവേന്ദ്ര ഝഝാരിയ, അജീത് സിംഗ്, സുന്ദർ സിംഗ് ഗുർജാർ, സന്ദീപ് ചൗധരി, സുമിത്, ശരത് കുമാർ, വരുൺ സിംഗ് ഭട്ടി, അമിത് കുമാർ ധരം ബീർ, നിഷാദ് കുമാർ, രാം പാൽ, സോനം റാണ, നവ്ദീപ്, പ്രവീൺ കുമാർ, യോഗേഷ് കതൂനിയ, വിനോദ് കുമാർ, രഞ്ജീത് ഭട്ടി, അരവിന്ദ്. ടേക് ചന്ദ് എന്നീ പുരുഷന്മാരും ഏക്ത ഭ്യാൻ, കാശിഷ് ലക്ര, ഭാഗ്യശ്രീ ജാധവ്, സിമ്രാൻ എന്നീ പുരുഷന്മാരുമാണ് ഇന്ത്യക്കായി മത്സരിക്കുക.
അതേസമയം, ടോക്യോ ഒളിമ്പിക്സിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടാണ് ഇന്ത്യ മടങ്ങുന്നത്; ഇന്ത്യ മൊത്തം 7 മെഡലുകൾ നേടിയിട്ടുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഒളിമ്പിക്സിൽ ഇന്ത്യ കാഴ്ച വച്ചത്. മടങ്ങിയെത്തിയ താരങ്ങൾക്ക് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വൻ സ്വീകരണമാണ് ഒരുക്കിയത്.
ആദ്യ ദിനങ്ങളിലൊക്കെ മെഡൽ നിലയിൽ മുന്നിലായിരുന്ന ചൈനയെ മറികടന്ന് അവസാന ദിനത്തിൽ അമേരിക്ക മുന്നിലെത്തി. 39 സ്വർണമെഡലുകൾ ഉൾപ്പെടെ 113 മെഡലുകളാണ് അമേരിക്ക നേടിയത്. 38 സ്വർണമുൾപ്പെടെ 88 മെഡലുകൾ സ്വന്തമാക്കിയ ചൈന മെഡൽ പട്ടികയിൽ രണ്ടാമത് ഫിനിഷ് ചെയ്തു. ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഏഴ് മെഡലുകളോടെ ഇന്ത്യ 48ാം സ്ഥാനത്തെത്തി. ഒരു സ്വർണമുൾപ്പെടെ നേടിയാണ് ഇന്ത്യ ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിലും ചരിത്രം കുറിച്ചത്.