നേരിയ കുറവ് രേഖപ്പെടുത്തി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 40,134 പേർക്ക് രോഗം സ്ഥിരീകരിച്ചു. 422 മരണങ്ങളും റിപ്പോർട്ട് ചെയ്തു . പ്രതിവാര കൊവിഡ് കേസുകൾ വർധിച്ചതോടെ മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം.
കഴിഞ്ഞ ദിവസത്തിൽ നിന്നും കോവിഡ് കേസുകൾ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും നാൽപ്പത്തിനായിരത്തിന് മുകളിൽ തന്നെ തുടരുകയാണ്. 2.81 ശതമാനമാണ് ടിപിആര്‍. രോഗമുക്തി നിരക്ക് 97.35 ശതമാനവും. ചികിത്സയിലുള്ള രോഗികളുടെ എണ്ണവും വർധിച്ചു. 2.86 ലക്ഷം കേസുകളാണ് ജൂൺ 26 മുതൽ ആഗസ്റ്റ് 1 വരെയുള്ള ആഴ്ചയിൽ രേഖപ്പെടുത്തിയ കോവിഡ് കേസുകൾ. മുൻ ആഴ്ചയെക്കാൾ 7.5 ശതമാനം കേസുകളുടെ വർധനവ്.
രണ്ടാം തരംഗം രൂക്ഷമായ മെയ് മാസത്തിലായിരുന്നു പ്രതിവാര കേസുകളിൽ ഇതിനുമുൻപ് വർധനവ് രേഖപ്പെടുത്തിയത്. കേരളത്തിൽ 26.5 % കേസുകളുടെ വർധനവാണ്മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഈ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്.മൂന്നാം തരംഗത്തിനുള്ള സാധ്യതയാണോയെന്ന് ആശങ്കയാണ് ഉയരുന്നത്.
46 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിൽ അധികമാണ്. ജില്ലകളിൽ അടച്ചിടൽ അടക്കമുള്ള നിയന്ത്രണങ്ങൾ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദേശം നൽകി.