India National

കേരളത്തിലെ ‘ഓക്‌സിജന്‍ നഴ്സുമാര്‍’ ഉള്‍പെടെ 12 സംരംഭങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പ്രശംസ

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ ഉപയോഗിച്ച മികച്ച രീതികളെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ ഓക്സിജന്‍ നഴ്സുമാര്‍ ഉള്‍പെടെ 12 സംരംഭങ്ങളാണ് പ്രശംസനാര്‍ഹമായത്. ഇവ പട്ടികപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതി. കേരളത്തിലെ ഓക്‌സിജന്‍ നഴ്സുമാര്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ ടാക്‌സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒ.പി.ഡി തുടങ്ങിയവയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രശംസ പിടിച്ചുപറ്റി.

കേരളത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്‍റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനായിരുന്നു ഓക്‌സിജന്‍ നഴ്സുമാരുടെ സേവനം ഉപയോഗിച്ചത്. കോവിഡ് ഇതര അവശ്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായുള്ള മൊബൈല്‍ ഒ.പി.ഡി, ഓക്‌സിജന്‍ പാഴാക്കല്‍ പരിശോധിക്കുന്നതിനായി ഓരോ ആശുപത്രിയിലും ഏര്‍പ്പെടുത്തിയ ‘ഓക്‌സിജന്‍ മിത്ര’ എന്നിവയാണ് രാജസ്ഥാനില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഗ്രാമീണ മേഖലയില്‍ ഏര്‍പ്പെടുത്തിയ വീടുതോറും ചെന്നുള്ള കോവിഡ് പരിശോധനയും പ്രശംസനാര്‍ഹമായി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ സാധാരണ പൗരന്മാരുടെ കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനായുള്ള കാശി കോവിഡ് റെസ്‌പോണ്‍സ് സെന്‍റര്‍, ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലിസ്ഥലത്ത് ചെന്നുള്ള വാക്‌സിനേഷന്‍ തുടങ്ങിയവയും പട്ടികയിലുണ്ട്.