ലോക്സഭയിലെ കന്നിപ്രസംഗത്തിലൂടെ കയ്യടി നേടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര. ഫാഷിസത്തിന്‍റെ ഏഴ് ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മഹുവയുടെ പ്രസംഗം ദേശീയ രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാവുകയാണ്. കൃഷ്ണനഗറില്‍ നിന്നുള്ള എം.പിയാണ് മഹുവ മൊയിത്ര.
നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റ് ആണെങ്കിലും വിയോജിപ്പിന്‍റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാവണമെന്ന് പറഞ്ഞ് ആരംഭിച്ച പ്രസംഗം 10 മിനിറ്റ് നീണ്ടുനിന്നു. ഇന്ത്യ ഒരു ഫാഷിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മഹുവ, ഏഴ് കാരണങ്ങള്‍ എണ്ണിപ്പറഞ്ഞു.
ബി.ജെ.പിയുടെ ദേശീയവാദം സങ്കുചിതവും ഉപരിപ്ലവവുമാണെന്ന് മഹുവ വിമര്‍ശിച്ചു. രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല അത്. പൌരന്മാരെ അനധികൃത കുടിയേറ്റക്കാരെന്ന് പറഞ്ഞ് അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കുന്നുവെന്ന് ദേശീയ പൌരത്വ പട്ടികയും പൌരത്വ ബില്ലും പരാമര്‍ശിച്ച് മഹുവ പറഞ്ഞു. 50 വര്‍ഷത്തിലേറെ രാജ്യത്ത് ജീവിച്ചവര്‍ വരെ ഇന്ത്യക്കാരെന്ന് തെളിയിക്കാന്‍ ഒരു കഷ്ണം കടലാസ് കാണിക്കേണ്ടി വരുന്നു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റുകളില്ലാത്ത മന്ത്രിമാരുള്ള നാട്ടിലാണ് ജനങ്ങള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്
ഫാഷിസത്തിന്റെ രണ്ടാമത്തെ ലക്ഷണമായി മഹുവ ചൂണ്ടിക്കാണിച്ചത് മനുഷ്യാവകാശ ലംഘനങ്ങളാണ്. 2014-19 കാലത്ത് വിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ 10 മടങ്ങ് വര്‍ധിച്ചു. 2017ല്‍ രാജസ്ഥാനില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാന്‍ മുതല്‍ കഴിഞ്ഞ ആഴ്ച ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട തബ്രീസ് അന്‍സാരി വരെയുള്ള പട്ടിക അവസാനിക്കുന്നില്ലെന്നും മഹുവ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ അഞ്ച് മാധ്യമസ്ഥാപനങ്ങള്‍ പരോക്ഷമായി നിയന്ത്രിക്കുന്നത് ഒരാളാണെന്നതാണ് മൂന്നാമത്തെ പ്രശ്‌നം. ഭരണകക്ഷിക്ക് വേണ്ടിയാണ് ടെലിവിഷന്‍ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷത്തെ പാടേ തഴയുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 120ഓളം പേരെ നിയമിച്ചിരിക്കുന്നത് മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ്. വ്യാജവാര്‍ത്തകള്‍ രാജ്യത്ത് വലിയൊരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങളോ തൊഴിലില്ലായ്മയോ ഉയര്‍ത്തിക്കാട്ടിയല്ല, വ്യാജ വാർത്തകളും വാട്സാപ്പിലെ വ്യാജ പ്രചാരണങ്ങളും വഴിയാണ് നിങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും മഹുവ വിമര്‍ശിച്ചു.
ദേശീയ സുരക്ഷയുടെ പേര് പറഞ്ഞ് അജ്ഞാത ശത്രുക്കളെ സൃഷ്ടിക്കുന്നതാണ് നാലാമത്തെ പ്രശ്നം. സേനയുടെ നേട്ടങ്ങള്‍ ഒരാളുടെ പേരില്‍ മാത്രമായി ഉയര്‍ത്തിക്കാട്ടുന്നു. ഓരോ ദിവസവും പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നു. 2014 മുതല്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു. കശ്മീരിലെ ജവാന്മാരുടെ മരണം 106 മടങ്ങ് വര്‍ധിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാരും മതവും ഇങ്ങനെ കൂടിപ്പിണഞ്ഞു കിടക്കുന്നത്. ഇതാണ് ഫാഷിസത്തിന്‍റെ അഞ്ചാമത്തെ ലക്ഷണമായി മഹുവ ചൂണ്ടിക്കാട്ടിയത്. പൌരത്വ ബില്‍ ലക്ഷ്യം വെയ്ക്കുന്നത് ഒരു സമുദായത്തെയാണ്. ഇന്ത്യ നിലനില്‍ക്കുന്ന 80 കോടി ഏക്കറിനെക്കാള്‍ രാമജന്മഭൂമിയുടെ 2.77 ഏക്കറിനെ കുറിച്ചാണ് പാര്‍ലമെന്റ് അംഗങ്ങളുടെ ആശങ്കയെന്നും മഹുവ പറഞ്ഞു.
ബുദ്ധിജീവികളോടും കലയോടുമുള്ള വെറുപ്പാണ് ഫാഷിസത്തിന്‍റെ ആറാമത്തെ ലക്ഷണം. ഏറ്റവും അപകടകരമാണത്. വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുകയാണ്. വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കുറച്ചു. പാഠഭാഗങ്ങള്‍ വളച്ചൊടിക്കുന്നു. രാജ്യത്തെ ഇരുണ്ട കാലത്തേക്കാണ് കൊണ്ടുപോകുന്നതെന്നും മഹുവ വിമര്‍ശിച്ചു.
ഇലക്ടറല്‍ സംവിധാനത്തിന്‍റെ അധികാരം നഷ്ടപ്പെടുന്നതാണ് ഫാഷിസത്തിന്റെ ഏഴാമത്തെ സൂചകമെന്ന് മഹുവ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഇലക്ഷന്‍ കമ്മീഷനെ ഉപയോഗിച്ച് പ്രധാന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ച തുക സംബന്ധിച്ച് കമ്മീഷന്‍ ഒരു നടപടിയുമെടുത്തില്ല. 60000 കോടി രൂപയാണ് ഈ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചത്. ഇതില്‍ 27000 കോടിയും ചെലവാക്കിയത് ഒരൊറ്റ പാര്‍ട്ടിയാണ്. എന്നിട്ടും നടപടിയെടുത്തില്ലെന്ന് മഹുവ ചൂണ്ടിക്കാട്ടി.
എല്ലാ വിഭാഗം ജനങ്ങളും രക്തം ഈ മണ്ണിലുണ്ട്, ആരുടേയും പിതാവിന്‍റെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ എന്ന കവിത കൂടി ചൊല്ലിയാണ് മഹുവ മൊയിത്ര പ്രസംഗം അവസാനിപ്പിച്ചത്.