India National

ടെെം മാ​ഗസിൻ 100 പേരുടെ പട്ടികയിൽ മോദിയും: പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്…

ടെെം മാ​ഗസിൻ പുറത്ത് വിട്ട ലോകത്തെ സ്വാധീനിച്ച നൂറ് പേരില്‍ ഇന്ത്യൻ‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചത് ചർച്ചയായിരുന്നു. മോദിക്ക് ലോകത്തിന്റെ അം​ഗീകാരം എന്ന നിലയിലാണ് ടെെം മാ​ഗസിന്റെ പട്ടികയെ കുറിച്ച് പ്രചരിച്ച വാർത്ത. എന്നാൽ മോദി നൂറ് പേരുടെ പട്ടികയിൽ ഇടം പിടിച്ചതിനെ കുറിച്ച് ടെെം മാഗസിന്‍ പറഞ്ഞു വെക്കുന്നത് അത്ര നല്ല കാര്യങ്ങളല്ല എന്നതാണ് സത്യം.

‘ലീഡേർസ്’ എന്ന കാറ്റ​ഗിറിക്ക് കീഴിലാണ് മോദിയുടെ പേര് വന്നത്. മോദിക്ക് പുറമെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തായ്‍വാൻ പ്രസിഡന്റ് സെെ ഇങ് വെൻ, ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബെെഡൻ എന്നിവരും ഈ പട്ടികയിലുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ കാര്യങ്ങൾ അത്ര നല്ല നിലയിലല്ല എന്ന ആമുഖത്തോടെയാണ് ടെെമിന്‍റെ കുറിപ്പ് തുടങ്ങുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പല്ല, ഏറ്റവും കൂടുതൽ വോട്ട് നേടുക എന്നുള്ളതാണ് ഇന്നത്തെ ജനാധിപത്യത്തിന്റെ പ്രത്യേകത. വോട്ട് രേഖപ്പെടുത്തുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നുള്ളതും ഇതിൽ പ്രധാനമാണെന്നും ടെെം പറഞ്ഞുവെക്കുന്നു.

വിവിധ ജാതി, മത, ഭാഷാ വെെജാത്യങ്ങൾ കൊണ്ട് സമ്പന്നമായ ഇന്ത്യയിൽ പക്ഷേ ഇന്ന് കാര്യങ്ങൾ ആകെ മാറിമറിഞ്ഞുവെന്ന് ടെെം എഡിറ്റർ പറയുന്നു. ജനസംഖ്യയിൽ എൻപത് ശതമാനം വരുന്ന ഹിന്ദു ജനവിഭാ​ഗത്തിന്റെ മാത്രം കാര്യങ്ങൾക്ക് ശ്രദ്ധയൂന്നുന്നതാണ് മോദി ഭരണത്തിന്റെ പ്രത്യേകതയെന്നും, വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാർ എല്ലാവരുടെയും ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കാതെ ബഹുസ്വരതയെ പടിക്ക് പുറത്ത് നിർത്തിയെന്നും ചൂണ്ടിക്കാട്ടി. മോദി ഭരണത്തിന് കീഴിലെ മുസ്‍ലിം ന്യൂനപക്ഷങ്ങളെ കുറിച്ചു ടെെം മാ​ഗസിനിൽ പരാമർശമുണ്ട്.