രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരിക്കെ പ്രതികളോട് അവസാന ആഗ്രഹമെന്തെന്ന് ആരാഞ്ഞ് തിഹാർ ജയിൽ അധികൃതർ. കഴിഞ്ഞയാഴ്ചയാണ് തിഹാർ ജയില്‍ അധികൃതര്‍ പ്രതികളോട് അന്ത്യാഭിലാഷം എന്തെങ്കിലുമുണ്ടോയെന്ന് ആരാഞ്ഞത്. എന്നാല്‍ നാലുപേരിൽ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പ്രതികളുടെ അവസാന ആഗ്രഹം രേഖപ്പെടുത്താൻ നാലുപേരോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ ഇൻസ്പെക്ടർ ജനറൽ രാജ്കുമാർ സ്ഥിരീകരിച്ചു. പ്രതികളുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും എന്നാല്‍ അവരാരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ അവസാന ആഗ്രഹം എന്താണെന്ന് അവർ പറഞ്ഞുകഴിഞ്ഞാൽ മാത്രമെ, ആ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയുമോ ഇല്ലയോ എന്ന് തിഹാർ ജയില്‍ അധികൃതർ തീരുമാനമെടുക്കുകയെന്നും രാജ്കുമാർ പറഞ്ഞു. “എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ കഴിയില്ല. രേഖാമൂലം അവർ ഞങ്ങൾക്ക് മറുപടി നല്‍കിയാല്‍, അതിന്‍മേല്‍ ജയില്‍ അധികൃതര്‍ തീരുമാനമെടുക്കും, ” എ.ഐ.ജി പറഞ്ഞു.
നാല് പ്രതികളോടും അവസാനമായി കാണാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ പേര് നൽകാനും പ്രതികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളും സ്വത്തുക്കളും ആർക്കെങ്കിലും കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും ആരാഞ്ഞിട്ടുണ്ട്. ഡല്‍ഹി കോടതി ജനുവരി 17 നാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31), മുകേഷ് കുമാർ സിങ് (32), പവൻ (26) എന്നിവരെയാണ് ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റുക.