കാലുവാരികളുടെയും കൂറുമാറ്റക്കാരുടെയും തട്ടകമാണ് പശ്ചിമ ബംഗാളിലെ മാല്‍ദ നോര്‍ത്ത് മണ്ഡലം. കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ബീഗം മുഅസ്സം നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു കൂറുമാറിയാണ് ഇത്തവണ ജനവിധി തേടുന്നത്. ബംഗാളിലെ കോണ്‍ഗ്രസിന്റെ ഏക്കാലത്തെയും അറിയപ്പെട്ട ഖനിഖാന്‍ ചൗധരി കുടുംബത്തില്‍ നിന്നായിരുന്നു മുഅസ്സമിന്റെ കൂറുമാറ്റം.
മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനം പശ്ചിമ ബംഗാളിലെ സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും നേതാക്കളിലും അണികളിലുമുണ്ടാക്കുന്ന ചാഞ്ചാട്ടങ്ങളാണ് ബംഗ്‌ളാദേശിനോടു ചേര്‍ന്ന കിടക്കുന്ന മുര്‍ഷിദാബാദ്, മാല്‍ദ, റായിഗഞ്ച് ജില്ലകളിലുടനീളം. മാല്‍ദ മണ്ഡലത്തില്‍ നിന്നും ഏഴ് തവണ ജയിച്ചു കയറിയ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബര്‍ക്കദ് ദാ എന്ന ഖനിഖാന്‍ ചൗധരിയുടെ കുടുംബത്തില്‍ പോലും ഈ അവസരവാദപരമായ രാഷ്ട്രീയമുണ്ട്.
ഖനിഖാന്‍ കുടുംബത്തില്‍ നിന്നും കഴിഞ്ഞ തവണ കോണ്‍ഗ്രസിനു വേണ്ടി ജയിച്ചു കയറിയ എം.പിമാരില്‍ ഒരാളാണ് മാല്‍ദ നോര്‍ത്തില്‍ നിന്നും ഇത്തവണ തൃണമൂല്‍ ടിക്കറ്റില്‍ മല്‍സരത്തിനിറങ്ങുന്ന ബീഗം മുഅസ്സം നൂര്‍. ഖനിഖാന്റെ സഹോദരന്‍ അബു ഹസീം ഖാന്‍ മാല്‍ദ സൗത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരരംഗത്ത് തുടരുന്നുണ്ടെങ്കിലും അദ്ദേഹവും തൃണമൂലിലേക്കു കുടിയേറുമെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നു. മുഅസ്സമിന്റെ അര്‍ധ സഹോദരനും അബുഹസീം ഖാന്റെ മകനുമായ ഇഷാ ഖാനാണ് മാല്‍ദാ നോര്‍ത്തിലെ പുതിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.