40 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ അപഹരിച്ച പുല്‍വാമ ആക്രമണവും ഇതിന് തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി മൂന്ന് ദിവസം മുമ്പ് അറിഞ്ഞതായുള്ള തെളിവുകള്‍ പുറത്ത്. പുല്‍വാമ ആക്രമണം ആഘോഷിച്ചു കൊണ്ടുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
2019 ഫെബ്രുവരി പതിനാലിന് പുല്‍വാമയിലെ തീവ്രവാദ ആക്രമണം നടന്നത്. 40 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് തെളിയിക്കുന്നതാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്.
2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ, അതിന് അര്‍ണാബിന് ബാര്‍ക്ക് സി.ഇ.ഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.
റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയൻസ് റിസർച് കൗൺസിലിന്റെ (ബാർക്) മുൻ സി.ഇ.ഇ പാർഥോ ദാസുമായി നടത്തിയതായി പറയുന്ന ചാറ്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിലും കേന്ദ്രത്തിലുമുള്ള അർണബിന്റെ ബന്ധവും അധികാര ദല്ലാളായി നടത്തിയ ഇടപെടലുകളും സൂചിപ്പിക്കുന്നു. പുറത്തായ ചാറ്റുകൾ 500 പേജ് വരുമെന്നാണു റിപ്പോർട്ടുകൾ. റേറ്റിങ് തട്ടിപ്പു കേസിൽ പാർഥോ ദാസ് ജയിലിലാണ്.
സെറ്റ് ടോപ് ബോക്സുകളിൽ പ്രത്യേക സോഫ്റ്റ്‍വെയർ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അർണബിനോട് അഭ്യർഥിക്കുന്നന്നതും ചാറ്റിൽ ഉണ്ട്. ട്രായ് പദ്ധതി നടപ്പായാൽ റിപ്പബ്ലിക് ചാനലിനും ബിജെപിക്കും തിരിച്ചടിയാകുമെന്നും പറയുന്നു. എല്ലാ മന്ത്രാലയങ്ങളും തങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശവും പ്രചരിക്കുന്നതിൽ ഉൾപ്പെടും.