കടം എഴുതി തള്ളുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ കിസാന്‍ ഗാട്ടിലേക്ക് ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ മാര്‍ച്ച്. ഇന്ത്യന്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. എന്നാല്‍ ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂരില്‍ കര്‍ഷകരെ പൊലീസ് തടഞ്ഞു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടക്കുകയാണ്.
സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടം എഴുതി തള്ളുക, വൈദ്യുതി നിരക്ക് കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 60 മുതല്‍ ഡല്‍ഹി കിസാന്‍ ഗാട്ട് വരെ കാല്‍നടയായാണ് സമരം. എന്നാല്‍ അതിര്‍ത്തി പ്രദേശമായ ഗാസിപൂരില്‍ പൊലീസ് സമരം തടഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.
11 പ്രതിനിധികളുമായി കാര്‍ഷിക മന്ത്രാലയത്തില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരും. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യു.പിയിലേക്ക് തിരികെ പോകുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഭാരതീയ കിസാന്‍ സംഗിന്‍റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കരിമ്പ് കര്‍ഷകര്‍ക്ക് കൃത്യമായ വേതനം ലഭിക്കുന്നില്ല എന്നതാണ് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്. സാമ്പത്തിക മാന്ദ്യവും കാര്‍ഷിക രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നാണ് കര്‍ഷകരുടെ വാദം.