India National

ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ കാല് തല്ലിയൊടിക്കണം, വീട് കൊള്ളയടിക്കണം: ബിജെപി നേതാവ്

ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ജോയ് ബാനര്‍ജി. ഇനിയും ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെ തല്ലണമെന്നും അവരുടെ വീടുകള്‍ കൊള്ളയടിക്കണമെന്നും ജോയ് ബാനര്‍ജി ആഹ്വാനം ചെയ്തു.

“ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിലൂടെ ഇത് ആരംഭിക്കണം. ചൈനയുമായി ബന്ധപ്പെട്ട എല്ലാം വര്‍ജിക്കണം. അല്ലാത്തപക്ഷം അവരുടെ കാല് തല്ലിയൊടിക്കുകയും വീടുകൾ കൊള്ളയടിക്കുകയും വേണം”- ജോയ് ബാനര്‍ജി പറഞ്ഞു.

ജോയ് ബാനര്‍ജിക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ആദ്യം ജോയ് ബാനര്‍ജിയുടെ പാര്‍ട്ടി ചൈനയോടുള്ള നിലപാട് വ്യക്തമാക്കട്ടെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

“പ്രതിസന്ധിയുടെ ഈ സമയത്ത് നാമ്മളെല്ലാവരും സർക്കാരിനൊപ്പമാണ്. എന്നാൽ പ്രഭാഷണം നടത്തുന്നതിനുപകരം ചൈന നമ്മുടെ പ്രദേശത്ത് എങ്ങനെ പ്രവേശിച്ചുവെന്ന് ബിജെപി ആദ്യം മറുപടി നൽകണം. ചൈനീസ് സാധനങ്ങൾ ബഹിഷ്കരിക്കേണ്ടിവന്നാൽ ജനങ്ങള്‍ സ്വയം ചെയ്യും. ഇത്തരം പ്രഭാഷണം നടത്താന്‍ ബിജെപിക്ക് ആരാണ് അവകാശം നൽകിയത്?” എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ബിജെപി, ആര്‍എസ്എസ് ബന്ധമുള്ള സംഘടനകള്‍ തുടങ്ങിയത്. ചൈനീസ് ഭക്ഷണങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നും ചൈനീസ് ഭക്ഷണം വില്‍ക്കുന്ന റസ്റ്റോറന്‍റുകള്‍ നിരോധിക്കണമെന്നും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ ആവശ്യപ്പെട്ടു. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു.