ഇത്തവണ മോദി പാര്‍ലമെന്റില്‍ തിരിച്ച് വന്നാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് എം.പിയും ബി.ജെ.പി വക്താവുമായ സാക്ഷി മാഹാരാജ്. ഇത്തവണ മോദിയെ വൻ മാർജിനിൽ വിജയിപ്പിച്ചാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് പറഞ്ഞ എം.പി, 2024 മുതൽ നമുക്ക് തെരഞ്ഞെടുപ്പ് നേരിടേണ്ട ആവശ്യം വരില്ലെന്നും പറഞ്ഞു.
ഉന്നോവോ മണ്ഡലത്തിലെ തെരഞ്ഞെുടുപ്പ് യോഗത്തിനിടെയാണ് സാക്ഷി മഹാരാജ് ഗുരുതരമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. താനൊരു സന്യാസിയാണെന്നും ഭാവി കാര്യങ്ങൾ കാണാൻ തനിക്ക് സാധിക്കുമെന്നും പറഞ്ഞ സാക്ഷി ഈ ഇലക്ഷൻ, രാജ്യത്തെ അവസാനത്തേതാകുമെന്നും പറഞ്ഞു. എന്നാൽ സാക്ഷി മഹാരാജിന്റെ വാക്കുകൾ
ഗൗരവപരമായി എടുക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.
ഇത്തവണ പൊതുതെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെങ്കിൽ ബി.ജെ.പി കനത്ത വില നൽകേണ്ടി വരുമെന്ന് നേരത്തെ സാക്ഷി മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഉന്നാവോ മണ്ഡലത്തിൽ തന്നെ മത്സരിപ്പിക്കുമെന്നുള്ള വിശ്വാസമുണ്ടെന്ന് പിന്നീട് പറഞ്ഞ മഹാരാജ്, ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും അറിയിച്ചു.
മോദിയുടെ കീഴിൽ രാജ്യം മെച്ചപ്പെട്ടെന്നും സാക്ഷി മഹാരാജ് പറഞ്ഞു. മോദിക്കെതിരെ എസ്.പി-ബി.എസ്.പി സഖ്യവും പ്രിയങ്ക ഗാന്ധിയെ വരെ രംഗത്ത് കൊണ്ട് വന്നുവെങ്കിലും, ഇതൊന്നും മോദിയുടെ വിജയത്തിന് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍, അടുത്ത അന്‍പത് വര്‍ഷത്തേക്ക് പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും പുറത്തിറക്കാനാവില്ലെന്ന് നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു