കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ. കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്ന് അണ്ണാ ഹസാരെ ആഹ്വാനം ചെയ്തു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഉപവാസം നടത്തുമെന്നും ഹസാരെ അറിയിച്ചു. ഭാരത് ബന്ദ് നടക്കുന്ന ഇന്ന് റാലേഗാന്‍ സിദ്ദിയിലാണ് ഹസാരെയുടെ ഉപവാസം. ഹസാരെ തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്.
‘ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത്’; അണ്ണാ ഹസാരെ പറഞ്ഞു. 2017 മുതൽ മോദി സർക്കാർ തനിക്ക് കാർഷിക മേഖലയെ സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നതായും എന്നാൽ ഒന്നുപോലും നടപ്പാക്കിയില്ലെന്നും ഹസാരെ പറഞ്ഞു. 2017ലും 2019ലും താൻ കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കത്തിലൂടെ അറിയിച്ചിരുന്നു. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും സി.എ.പി.സിക്ക് സ്വയംഭരണം നൽകണമെന്നുമുള്ള തന്റെ നിർദേശം നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതും യാഥാർഥ്യമായില്ല’; ഹസാരെ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ കർഷകപ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിക്കണം. സർക്കാറിന്റെ മൂക്കിന് നുള്ളിയാൽ വായ് തുറക്കും. എല്ലാ കർഷകരും തെരുവിലിറങ്ങണം. കർഷകരുടെ പ്രശ്നത്തിന് എല്ലാക്കാലത്തേക്കുമായി പരിഹാരം കാണണം’; ഹസാരെ പറഞ്ഞു. 2010-2013 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനാകുന്നത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായി.
അതെ സമയം കര്‍ഷക നിയമങ്ങള്‍ക്കെതിരെ 12 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധസമരം തുടരുകയാണ്. സര്‍ക്കാറുമായി പല തവണ കര്‍ഷക നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല.