India National

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് ബി.ജെ.പി സഖ്യകക്ഷി

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പേ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കി സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി). ബി.ജെ.പിയുമായുള്ള ഭിന്നത പുതിയ തലങ്ങളിലേക്ക് എത്തിയതോടെ വരാണസിയോട് ചേര്‍ന്നുകിടക്കുന്ന മിര്‍സാപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചോദിച്ച് എസ്.ബി.എസ്.പി രംഗത്തെത്തി. യോഗി ആദിത്യനാഥ് മന്ത്രിസഭാംഗമായിരുന്ന ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് എസ്.ബി.എസ്.പി.

ബി.ജെ.പിയുമായുള്ള ഭിന്നത രൂക്ഷമായതോടെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ രാജ്ഭറിന്റെ എസ്.ബി.എസ്.പി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് രാജ്യത്തെ പാവപ്പെട്ടവര്‍ ഇത്രത്തോളം അനീതിയും ഏകാധിപത്യവും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് രാജ്ഭര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭരണത്തിന്‍ കീഴില്‍ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്നും പദ്ധതികളുടെ ഗുണഫലങ്ങള്‍ അടിസ്ഥാനവര്‍ഗത്തിലേക്ക് എത്തുമെന്നും രാജ്ഭര്‍ പറഞ്ഞു. വരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെയും ലക്നോവില്‍ രാജ്നാഥ് സിങിനെതിരെയും ഗാസിപൂരില്‍ മനോജ് സിന്‍ഹക്കെതിരെയും എസ്.ബി.എസ്.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.