Health India

മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍; സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രം

മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൊവാക്‌സിന് സൗദിയില്‍ അംഗീകാരമില്ലാത്തതിനാല്‍ മൂന്നാം ഡോസ് വാക്‌സിനെടുക്കാന്‍ അനുമതി വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

രണ്ട് കൊവാക്‌സിന്‍ ഡോസുകള്‍ എടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് വാക്‌സിനെടുക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നതേയുള്ളൂ എന്നും കൃത്യമായ മറുപടി ഇപ്പോള്‍ നല്‍കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി.

ഹര്‍ജി വിശദമായി പരിഗണിക്കാന്‍ ഈ മാസം 28 ലേക്ക് മാറ്റി. നേരത്തെ കൊവാക്‌സിന്‍ എടുത്തതിനെ തുടര്‍ന്നാണ് സൗദിയിലേക്ക് പോകാന്‍ കണ്ണൂര്‍ സ്വദേശിയായ ഗിരികുമാറിന് നിയമതടസം നേരിട്ടത്. തുടര്‍ന്നാണ് മൂന്നാം ഡോസ് വാക്‌സിന്‍ എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.