പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കൂടി പാസാക്കിയതോടെ രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ ജനകീയ പ്രതിഷേധങ്ങള്‍ക്ക് നേരെ പട്ടാളത്തെ ഇറക്കി തോക്കിന്‍മുനയില്‍ അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിന്റെ ആദ്യപടിയായി വമ്പന്‍ പ്രക്ഷോഭം ആഞ്ഞടിക്കുന്ന അസമില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. കൂടാതെ ജമ്മു കശ്മീരില്‍ നിന്ന് പിന്‍വലിച്ച സൈന്യത്തെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുമുണ്ട്.
ഇതിനിടെയാണ് പൗരത്വ ഭേദഗതി ബില്ലിനെ ഭയപ്പെടേണ്ടെന്ന് അസം ജനതയ്ക്ക് മോദിയുടെ ഉപദേശം ട്വീറ്റ് വഴി എത്തിയത്. ജനങ്ങളുടെ അവകാശങ്ങള്‍ ആരും തട്ടിയെടുക്കില്ലെന്നും മോദി പറയുന്നു. ”പൗരത്വ ബില്‍ പാസായതുകൊണ്ട് ആരും ഭയപ്പെടേണ്ടെന്ന് അസമിലെ സഹോരീ സഹോദരന്മാര്‍ക്ക് ഞാന്‍ ഉറപ്പു നല്‍കുന്നു. ആരും നിങ്ങളുടെ അവകാശങ്ങളും സ്വത്വവും സംസ്‌കാരവും കവര്‍ന്നെടുക്കില്ല. അതിനിയും തഴച്ചു വളരുക തന്നെ ചെയ്യും”- മോദി ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭം അസമില്‍ നിയന്ത്രണാധീതമായി പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തുവന്നത്. എന്നാല്‍ മോദിയുടെ ഈ ട്വീറ്റ് വായിച്ച് സമാധാനിക്കാന്‍ അവിടെയുള്ള ജനങ്ങള്‍ക്ക് നിര്‍ഭാഗ്യവശാല്‍ കഴിയില്ലല്ലോ എന്നാണ് കോണ്‍ഗ്രസ് പരിഹസിക്കുന്നത്. കാരണം അവിടെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റില്ലാതെ എങ്ങനെ ട്വീറ്റ് വായിക്കും ? ട്വീറ്റ് വായിക്കാതെ എങ്ങനെ സമാധാനിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. അവിടെ ഇന്റര്‍നെറ്റില്ലാത്ത കാര്യം മോദിജി മറന്നോയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ 105 വോട്ടിനെതിരേ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്.