ഏപ്രില്‍ നാലിനാണ് അവസാനമായി മോദിയും ട്രംപും പരസ്പരം സംസാരിക്കുന്നത്. കോവിഡ് ചികിത്സക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്.
ഇന്ത്യ- ചൈന തര്‍ക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യ. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചര്‍ച്ച നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈറ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ്, ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പ്രശ്നത്തില്‍ ഭിന്നതയുണ്ടെന്നും ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞ് താന്‍ നരേന്ദ്രമോദിയെ ബന്ധപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞത്. പ്രശ്നം മോദിയെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടെന്നും മോദി നല്ല മൂഡിലല്ലെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി ഭിന്നതയിൽ മധ്യസ്ഥനാകാമെന്ന് നേരത്തേയും ട്രംപ് അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചിരുന്നത്. ട്രംപിന്‍റെ ട്വീറ്റിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിർത്തിത്തർക്കത്തിൽ മധ്യസ്ഥനാകാമെന്ന് ആവര്‍ത്തിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.
പ്രശ്നത്തില്‍ താന്‍ ഇടനിലക്കാരനാകാമെന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. പക്ഷേ, മോദി നല്ല മൂഡിലല്ലെന്നും ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷമാണ് അതിന് കാരണമെന്നും ട്രംപ് കൂട്ടിചേര്‍ത്തു. വൈറ്റ് ഹൌസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
എന്നാല്‍ ഇത്തരമൊരു സംഭാഷണം മോദിയും ട്രംപും തമ്മില്‍ നടന്നിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് വരുന്ന വിശദീകരണം. ഏപ്രില്‍ നാലിനാണ് അവസാനമായി മോദിയും ട്രംപും പരസ്പരം സംസാരിക്കുന്നത്. കോവിഡ് ചികിത്സക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. അതിന് ശേഷം യുഎസ് പ്രസിഡന്‍റ് ട്രംപും പ്രധാനമന്ത്രി മോദിയും അടുത്തിടെയായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
കിഴക്കൻ ലഡാക്കിലെ നിയന്ത്രണാതിർത്തിയിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. ഇവിടെ ചൈനയുടെ 10,000 ലധികം പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയും അത്ര തന്നെ സേനയെ വിന്യസിച്ചിട്ടുണ്ട്.