India National

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ബിജെപി ചിലവഴിച്ച തുക ഞെട്ടിക്കുന്നത്; പിറകെ കോണ്‍ഗ്രസും

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ബിജെപി ചിലവഴിച്ച തുക 1264 കോടിയെന്ന് കണക്കുകള്‍. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനുമാണ് പാര്‍ട്ടി ഇത്രയും തുക ചെലവാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

2014 തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ പ്രചാരണ ചിലവ് 714 കോടി ആയിരുന്നു. ഇതിന്റെ 77 ശതമാനം കൂടുതലാണ് പുതിയ ചെലവുകള്‍ എന്നാണ് കണക്കുകള്‍.

ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ് എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് 755 കോടിയാണ് പാര്‍ട്ടി ചെലവാക്കിയത്. ഇതില്‍ 175.68 കോടി താര പ്രചാരണങ്ങള്‍ക്കും 325 കോടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കും 25.40 കോടി പോസ്റ്റര്‍, കട്ടൗട്ട്, ബാനറുകള്‍ പോലെയുള്ള പ്രചാരണ സാധനങ്ങള്‍ക്കും 15.91 കോടി പൊതുയോഗങ്ങള്‍ക്കുമായാണ് ചെലവാക്കിയിരിക്കുന്നത്.

അതേ സമയം രേഖകള്‍ പ്രകാരം കോണ്‍ഗ്രസിന്റെ പ്രചാരണ ചിലവും കൂടിയിട്ടുണ്ട് 2014ല്‍ 516 കോടി പ്രചാരണത്തിന് ചിലവായ കോണ്‍ഗ്രസിന് 2019 ല്‍ എത്തുമ്ബോള്‍ അത് 820 കോടിയാണ്.

2018-19 വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനം 2410 കോടിയാണെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ 1450 കോടി ഇലക്ടറല്‍ ബോണ്ട് വഴി മാത്രം ലഭിച്ചതാണ്. 2017-18 വര്‍ഷത്തെ 1,027 കോടിയില്‍ നിന്ന് 134% വര്‍ധനവ്. 210 കോടിയായിരുന്നു ഇക്കാലത്തെ ഇലക്ടറല്‍ ബോണ്ട്. 2017-18 വര്‍ഷത്തില്‍ മൊത്തം ചെലവായി ബി.ജെ.പി കാണിച്ചിരിക്കുന്നത് 758 കോടിയാണ്. 2018-19 വര്‍ഷത്തില്‍ ഇത് 32% വര്‍ധിച്ച്‌ 1005 കോടിയായി.