India

കൊവിഡ് കേസുകൾ ഉയരുന്നത് ആശങ്കാജനകം; ആരോഗ്യമന്ത്രാലയം

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 28 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ആറ് സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കടന്നുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ആദ്യം സ്വീകരിച്ച വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി പി ആർ 4.18 ശതമാനമാണ്. ഒമിക്രോൺ കേസുകൾ 2000 കടന്നു. രാജ്യത്ത് 2135 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത് മഹാരാഷ്രയിൽ- 653 ആണ്.

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. അതേസമയം ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. സംസ്ഥാനത്ത് നാളെ മുതൽ രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്.