India

ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി.എം.കെ.സര്‍ക്കാര്‍ തമിഴ്നാട്ടിൽ അധികാരമേറ്റു

തമിഴ്നാട്ടില്‍ അധികാരമേറ്റതിനു പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എം.കെ.സ്റ്റാലിന്റെ
നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍.കൊവിഡ് ദുരിതാശ്വാസം ഉള്‍പെടെയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ച്‌ എം കെ സ്റ്റാലിന്‍.

ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സ സൗജന്യം. ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയും,പാല്‍വില കുറയ്ക്കുകയും ചെയ്തു.രാവിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിനുശേഷമാണ് നിർണ്ണായകമായ പ്രഖ്യാപനങ്ങൾ നടന്നത്.

ഡി.എം.കെയില്‍ നിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കും ശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണ് എം കെ സ്റ്റാലിന്‍.കൊവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യ ഗഡുവെന്ന നിലയില്‍ 2000 രൂപ നല്‍കാന്‍ സ്റ്റാലിന്‍ ഉത്തരവിട്ടു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 4,000 രൂപ ധനസഹായമായി നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഡി എം കെ വാഗ്ദാനം ചെയ്തിരുന്നു. 4,153.39 കോടി ചെലവ് വരുന്ന ഈ പദ്ധതി 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞിരുന്നതും സര്‍ക്കാർ നടപ്പാക്കാന്‍ ഉത്തരവിട്ടതുമായ മറ്റ് പദ്ധതികള്‍:

*സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആവിന്‍ കമ്പനിയുടെ പാലിന് മേയ് മൂന്നുമുതല്‍ മൂന്ന് രൂപ കുറയ്ക്കും. മേയ് എട്ടു മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര. തമിഴ്നാട് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന് സബ്സിഡിയായി സര്‍ക്കാര്‍ 1,200 കോടി രൂപ നല്‍കും.

*മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സാച്ചെലവ് സര്‍ക്കാര്‍ നല്‍കും.

*മുഖ്യമന്ത്രി നിങ്ങളുടെ മണ്ഡലത്തില്‍ പദ്ധതി പ്രകാരം ജനങ്ങള്‍ സമര്‍പിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ ഐ എ എസ് ഓഫീസര്‍ അധ്യക്ഷനായ വകുപ്പ് രൂപവത്കരിക്കും.