മുന്നാക്ക സംവരണത്തിനായി പിന്നാക്ക സംവരണ സീറ്റുകൾ വെട്ടിക്കുറച്ച് കേന്ദ്രസ൪ക്കാ൪ വിജ്ഞാപനം. പൊതുമേഖല ബാങ്കുകളിലേക്കുള്ള അടുത്ത വ൪ഷത്തെ സ്റ്റാഫ് നിയമനത്തിനുള്ള ഐബിപിഎസ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങൾക്കുള്ള സംവരണത്തിൽ പത്ത് ശതമാനം വെട്ടിക്കുറച്ചു. 49.5%ത്തിന് പകരം 40 ശതമാനമായാണ് സംവരണ സീറ്റുകൾ കുറഞ്ഞത്.
മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ൪ക്കായി പത്ത് ശതമാനം സംവരണം കൊണ്ടുവരുമ്പോൾ നിലവിലെ സംവരണ സീറ്റുകളിൽ യാതൊരു കുറവും വരില്ലെന്നായിരുന്നു കേന്ദ്ര സ൪ക്കാറിന്‍റെ ഉറപ്പ്. എന്നാൽ ആ ഉറപ്പ് ലംഘിക്കുന്നതാണ് കേന്ദ്ര സ൪ക്കാറിന്‍റെ പുതിയ വിജ്ഞാപനം.
പൊതു മേഖല ബാങ്കുകളിലെ ജീവനക്കാരുടെ നിയമനത്തിനായി സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലാണ് സംവരണ അട്ടിമറി. മുന്നാക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം നൽകിയപ്പോൾ നിയമപരമായി ലഭിക്കേണ്ട SC, ST, OBC വിഭാഗങ്ങൾക്ക് കിട്ടേണ്ട 49.5% സംവരണം 40%മായി വെട്ടിക്കുറച്ചു. എസ് സി വിഭാഗത്തിന് ലഭിക്കേണ്ട 15% സംവരണം 13%മായും എസ് ടി വിഭാഗത്തിന് ലഭിക്കേണ്ട 7.5% ആറ് ശതമാനമായും ഒബിസിക്ക് ലഭിക്കേണ്ട 27% ഇരുപത്തിയൊന്ന് ശതമാനവുമായുമാണ് കുറച്ചിരിക്കുന്നത്.
അതേസമയം മുന്നാക്കവിഭാഗത്തിന് 10%വും. ആകെ 1417 തസ്തികകളാണുള്ളത്. ഇതിൽ മുന്നാക്ക വിഭാഗത്തിന് 142 സീറ്റുകൾ കിട്ടിയത്. സംവരണ സീറ്റുകൾക്ക് അമ്പത് ശതമാന പരിധി വേണമെന്ന വ്യവസ്ഥ പാലിച്ച് വിജ്ഞാപനമിറക്കിയതോടെയാണ് സംവരണീയ സമുദായങ്ങളുടെ സീറ്റുകൾ ഗണ്യമായി വെട്ടിക്കുറച്ചത്.