രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കോവാക്സിൻ പരീക്ഷണത്തിന് അനുമതി നല്കി കേന്ദ്രം കേന്ദ്രത്തിന്റെ അനുമതി. രണ്ടാം ഘട്ട പരീക്ഷണത്തിനാണ് ഡി.ജി.സി.ഐ അനുമതി നൽകിയത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് വിദഗ്ധ സമിതി കേന്ദ്രത്തോട് ശിപാർശ ചെയ്തു. കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള കൂട്ടാമെന്നും ശിപാർശയുണ്ട്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് കുട്ടികളിൽ വാക്സിൻ പരീക്ഷിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. സബജ്ക്ട് എക്സപേർട്സ് കമ്മിറ്റിയുടെ അനുമതിക്ക് പിന്നാലെ രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കോവാക്സിൻ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 525 പേരിൽ ഭാരത് ബയോടെക് വാക്സിൻ പരീക്ഷിക്കും.
28 ദിവസത്തിന്റെ ഇടവേളകളിൽ രണ്ട് ഡോസ് വാക്സിൻ നൽകും. രണ്ടാം ഘട്ട പരീക്ഷണത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമേ മൂന്നാം ഘട്ടം ആരംഭിക്കാവൂ എന്നും കർശന നിർദേശമുണ്ട്. അതിനിടെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചു. കുത്തിവെപ്പെടുക്കണമോ വേണ്ടയോ എന്ന് ഗർഭിണികൾക്ക് തീരുമാനിക്കാം. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ സ്വീകരിക്കുന്നതിൽ തടസ്സമില്ല. കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 12 മുതൽ 16 ആഴ്ച വരെയാകാമെന്നും നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന് ശിപാർശ ചെയ്യുന്നു. നേരത്തെ ഇത് ആറ് മുതൽ എട്ട് ആഴ്ച വരെയായിരുന്നു. കോവാക്സിൻ ഡോസ് സ്വീകരിക്കുന്നതിൽ മാറ്റം വരുത്തിയിട്ടില്ല. കോവിഡ് ഭേദമായവർ ആറ് മാസത്തേക്ക് വാക്സിൻ സ്വീകരിക്കേണ്ടതില്ലെന്നും ശിപാർശയിലുണ്ട്. വാക്സിൻ ക്ഷാമം പരിഹരിക്കാനാണോ ശിപാർശകൾ എന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.