India National

തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തണമെന്ന് ശശി തരൂര്‍

പ്രവര്‍ത്തക സമിതി ഉള്‍പ്പെടെയുള്ളവയിലേക്ക് തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നതാണ് കോണ്‍ഗ്രസിന് ഉചിതമെന്ന് ശശി തരൂര്‍. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ അഭിപ്രായപ്രകടനം. നേതൃ നിരയിലെ അവ്യക്തതയില്‍ പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും രാഹുല്‍ ഗാന്ധിയില്‍ വിശ്വാസമുണ്ട് എന്നായിരുന്നു ഇതിനോട് കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ നേതൃനിരയില്‍ രൂപപ്പെട്ട അവ്യക്തതയില്‍ ആശങ്ക രേഖപ്പെടുത്തികൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. അധ്യക്ഷ സ്ഥാനത്തേക്ക് തെരെഞ്ഞെടുപ്പ് നടന്നാല്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഗാന്ധി കുടുംബമാണ്.

തലപ്പത്ത് ആളില്ലാത്തത് പാര്‍ട്ടി അണികളെയും അനുഭാവികളെയും നിരാശരാക്കിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ്സിലെ ഓരോരുത്തര്‍ക്കും രാഹുലില്‍ വിശ്വാസമുണ്ട് എന്നായിരുന്നു തരൂരിന്റെ വാക്കുകളോട് പാര്‍ട്ടി വക്താവ് പവന്‍ഖേരയുടെ പ്രതികരണം. പ്രതിപക്ഷം എന്ന നിലയില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ്സ് നിര്‍വ്വഹിക്കുമെന്നും പവന്‍ ഖേര പറഞ്ഞു.

കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് യുവാക്കള്‍ വരണമെന്ന പഞ്ചാബ് മുഖ്യമന്ത്രി അമിരന്ദര്‍ സിംഗിന്റെ അഭിപ്രായത്തെയും തരൂര്‍ പിന്തുണച്ചു. അങ്ങനെയൊരു തീരുമാനം പാര്‍ട്ടിയുടെ ഭാവിയെ മാറ്റിമറിക്കുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.