പ്രശസ്ത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സ്വദേശിയാണ് താണു പത്മനാഭൻ.
സംസ്ഥാന സർക്കാരിന്റെ ഉയർന്ന ശാസ്‌ത്ര ബഹുമതിയായ കേരള ശാസ്‌ത്ര പുരസ്‌കാരം പ്രൊഫ. താണു പത്മനാഭന് ലഭിച്ചിരുന്നു. പത്മശ്രീ, ഭട്നഗർ ബഹുമതികളും നേടിയിട്ടുണ്ട്.
1957 ൽ തിരുവനന്തപുരത്താണ് ജനനം. എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. 2008ൽ അമേരിക്കയിലെ ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
പൂനെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്‌ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.