India

തമിഴ്നാട്ടില്‍ ഇതുവരെ 45 ശതമാനം പോളിങ്

നിയസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ ഭേദപ്പെട്ട പോളിഗ്. വോട്ടെടുപ്പ് ആരംഭിച്ച ഏഴു മണിക്കൂർ പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 45 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയിലും, ഉപമുഖ്യമന്ത്രി ഒ പനീർ സെൽവം തേനിയിലും, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ തേനാംപ്പേട്ടയിലും വോട്ട് രേഖപ്പെടുത്തി.

234 സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. 6.29 കോടി ജനങ്ങളുള്ള തമിഴനാട്ടിൽ മൂവായിരത്തിലേറെ പേരാണ് സ്ഥാനാർഥികളായി മത്സര രം​ഗത്തുള്ളത്. എ.ഐ.ഡി.എം.കെ സഖ്യവും – ഡി.എം.കെ സഖ്യവും തമ്മിലാണ് തമിഴ്നാട്ടില്‍ പ്രധാന പോരാട്ടം. പ്രചാരണത്തിലടക്കം ഇരു മുന്നണികളും വാശിയേറിയ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

തമിഴ് താരങ്ങളടക്കം പ്രമുഖർ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി. സൈക്കിൾ ചവിട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിളിലെത്തിയത്.