India National

ഹിന്ദുത്വവാദികള്‍ മര്‍ദിച്ചുകൊന്ന ത‍ബ്‍രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ മര്‍ദിച്ചുകൊന്ന ത‍ബ്‍രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജൂണിലാണ് ക്രൂരമര്‍ദനത്തിന് ഇരയായ തബ്‍രീസ് അന്‍സാരി മരിച്ചത്. ഇതോടെ കേസിലെ 11 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ല.

സംഭവത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിടുണ്ട്. ജൂണ്‍ 17നാണ് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ ധട്കിഡി നിവാസികള്‍ തബ്രിസ് അന്‍സാരിയെ പിടികൂടിയത്. മരത്തില്‍ കെട്ടിയിട്ട് ജയ്ശ്രീംറാം , ജയ് ഹനുമാന്‍ വിളികള്‍ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ക്രൂരമായ മര്‍ദ്ദനത്തിനും ഇരയാക്കി. മരണാസന്നനായതോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സാരി 22ന് മരിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ സംഘം മരണകാരണം ഹൃദയഘാതമാണെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

തലയോട്ടിയിലെ പൊട്ടല്‍, അസ്ഥികളുടെ ഒടിവ്, ആഴത്തിലുള്ള മുറിവുകള്‍ എന്നിവയാണ് ഹൃദയ സ്തംഭനത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കേസിലെ 11 പ്രതികള്‍ക്കെതിരായ കൊലക്കുറ്റത്തിന് പകരം നരഹത്യയാകും ചുമത്തുക. ജീവപര്യന്ത്യം തടവ് എന്നത് 10 വര്‍ഷം തടവ് എന്നതിലേക്ക് ശിക്ഷ ചുരുങ്ങും. അതേസമയം അന്വേഷണം സുതാര്യമല്ലെന്നാരോപിച്ച് വിവിധ സംഘനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.