India

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരന് ഡി കമ്പനിയുമായി ബന്ധം

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീകരൻ ജാൻ മുഹമ്മദിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധം. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ചീഫ് വിനീത് അഗർവാളിന്റേതാണ് സ്ഥിരീകരണം. രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് മുംബൈ ധാരാവി സ്വദേശി ജാൻ മുഹമ്മദ് അറസ്റ്റിലായത്. ഡൽഹിയിലേക്ക് ട്രെയിനിൽ വരുന്ന വഴിയാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിഷയത്തിൽ ആശങ്ക വേണ്ടെന്നും മുംബൈയും മഹാരാഷ്ട്രയും സുരക്ഷിതമാണെന്നും വിനീത് അഗർവാൾ അറിയിച്ചു. അന്വേഷണ സംഘം ഡൽഹിയിലേക്ക് തിരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇവർ മഹാരാഷ്ട്രയിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായി സൂചന. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അടിയന്തര യോഗം വിളിച്ചു. അറസ്റ്റിലായ നാല് ഭീകരരെ ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു. ഭീകരരുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കൾ പാക് അതിർത്തിയിൽ നിന്ന് കണ്ടെടുത്ത സ്‌ഫോടക വസ്തുക്കളോട് സമാനമെന്ന് പൊലീസ്. കൂടുതൽ ഭീകരർ രാജ്യത്ത് നുഴഞ്ഞു കയറിയതായി സംശയം. രാജ്യ വ്യാപക പരിശോധന തുടരുന്നു.

ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്തതായി പൊലീസ്. ആറു ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടതായാണ് ലഭിക്കുന്ന വിവരം. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്തിന്റെ വിവിധ ഭാഗത്തിൽ സ്‌ഫോടനമടക്കം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡൽഹി, മഹരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ ഇന്നലെ ആറ് ഭീകരരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ട് പേർ പാകിസ്താനിൽ നിന്ന് പരിശിലനം ലഭിച്ചവരാണ്. ദാവൂദ് ഇബ്രാഹിമാന്റെ സഹോദരൻ അനീസ് ഇബ്രാഹിമുമായി ഇവർക്ക് ബന്ധമുള്ളതായി പൊലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ആഘോഷ ചടങ്ങുകൾക്കിടെ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.