India National

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി സൈന്യം

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി സൈന്യത്തിന്റെ മുന്നറിയിപ്പ്. ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. എന്നാല്‍ സൈന്യം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സതേണ്‍ കമാന്‍ഡ് എസ് കെ സൈനി വ്യക്തമാക്കി. ഭീകരാക്രമണ മുന്നറിയിപ്പിനെത്തുടർന്നു കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട തിരക്കുള്ളയിടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കി.

ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സൈന്യം, നിരീക്ഷണവും പരിശോധനയും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമാക്കി. ബോട്ടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദക്ഷിണേന്ത്യന്‍ കരസേന കമാന്‍ഡന്റ് ലഫ്. ജനറല്‍ എസ്.കെ. സൈനി അറിയിച്ചു.