India National

ഭീകരാക്രമണ മുന്നറിയിപ്പ്; ശക്തമായ സുരക്ഷയിൽ രാജ്യം,പ്രധാന നഗരങ്ങളിൽ വാഹന പരിശോധന തുടരുന്നു

ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ തുടരുന്നു. അതിർത്തി മേഖലകൾക്ക് പുറമേ സൈനിക ക്യാമ്പുകൾക്കും സുരക്ഷാ വർദ്ധിപ്പിച്ചു. ഡൽഹി അടക്കമുള്ള നഗരങ്ങ ളിൽ സുരക്ഷ വർദ്ധിപ്പിക്കുകയും വാഹനപരിശോധന തുടരുകയും ചെയ്യുന്നുണ്ട്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിലുള്ള പ്രതികാര നടപടിയായി പാകിസ്താന്‍ ആക്രമണം നടത്തുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയത്. രാജസ്ഥാൻ ,ജമ്മു-കശ്മീർ അതിർത്തികളിൽ ആണ് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഷോപ്പിയാൻ വഴി ഇന്ത്യയിലേക്ക് 4 ലഷ്കർ ഭീകരർ കടന്നിട്ടുണ്ടെന്നും സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.

ഇതേ തുടർന്ന് സാംബ, സഞ്ജവാൻ, കലുചക് സൈനിക ക്യാമ്പുകൾക്ക് സുരക്ഷ ശക്തമാക്കി. ഷോപ്പിയാൻ വഴി കൂടുതൽ തീവ്രവാദികൾ നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നാണ് വിവിധ ഏജൻസികളുടെ മുന്നറിയിപ്പ്. നിയന്ത്രണരേഖ വഴി ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ കഴിഞ്ഞ ദിവസം സൈന്യം പിടികൂടിയിരുന്നു. പാക് നീക്കങ്ങളെ പ്രതിരോധിക്കാൻ സൈനിക വിഭാഗങ്ങൾ സജ്ജമായി കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.