India National

തീവ്രവാദ ഭീഷണി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ

ദക്ഷിണേന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പ് വന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ. തീരദേശ മേഖലകളിലും രാജ്യാതിർത്തികളിലും സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഗുജറാത്തിലെ സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ്, ദക്ഷിണേന്ത്യയിൽ ആക്രമണത്തിന് തീവ്രവാദികൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് ദക്ഷിണേന്ത്യൻ കരസേന കമാൻഡന്റ് ലഫ്റ്റനന്റ് ജനറൽ എസ്.കെ.സൈനി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരദേശങ്ങളിലും രാജ്യാതിർത്തികളിലും സൈനീക വിഭാഗങ്ങൾ നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയത്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ആക്രമണ സാധ്യത സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ നൽകിയ മുന്നറിയിപ്പ് സൈന്യം ശരിവയ്ക്കുകയായിരുന്നു.

അൻപത് ജയ്ഷെ മുഹമ്മദ് തീവ്രവാദികൾ കടൽ മാർഗം എത്താനായി പരിശീലനം നേടുന്നുണ്ടെന്ന് നേവി ചീഫ് അഡ്മിറൽ കരംബീർ സിങ്ങ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആഴങ്ങളിൽ നീന്തി ദക്ഷിണേന്ത്യൻ തീരങ്ങളിൽ എത്താനുള്ള പ്രത്യേക പരിശീലനം ഇവർക്ക് നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അതിർത്തി രക്ഷാ സേന ഉൾപ്പെടെ ഈ റിപ്പോർട്ട് ശരിവയ്ക്കുന്നുമുണ്ട്. നേവിയും കരസേനയും നാവിക സേനയും നുഴഞ്ഞുകയറ്റത്തെ തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കരുതൽ തടങ്കലിൽ ആയിരുന്ന ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി മോചിപ്പിച്ചുവെന്നും ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ തീവ്രവാദ സംഘടനകളെ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല അസ്ഹറിന് നൽകിയിട്ടുണ്ടെന്നും ഐബി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു’ സർക്രീക്കിൽ നിന്ന് ബോട്ടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഐബിയുടെ റിപ്പോർട്ട്, സൈന്യം ശരിവയ്ക്കുന്നത്. പഴുതുകളില്ലാത്ത സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അന്വേഷണവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും സേനാ വിഭാഗങ്ങൾ പറയുന്നു.