India National

പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വസ്ഥത ; മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി സിദ്ദു

നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രെ ബാക്കിനില്‍ക്കെ പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വസ്ഥത പുകയുന്നു. അമരീന്ദര്‍ സിംഗിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയായ നവജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രിക്കെതിരെ തുറന്ന പോരിനിറങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം മന്ത്രിമാരുമായും എം.എല്‍.എമാരുമായും സിദ്ദു കൂടിക്കാഴ്ച നടത്തി. സഹകരണ, ജയിൽ മന്ത്രി സുഖ്ജിന്ദർ രന്ധവ, സാങ്കേതിക വിദ്യാഭ്യാസം, ടൂറിസം, സാംസ്കാരികകാര്യ മന്ത്രി ചരഞ്ജിത് ചാനി എന്നീ രണ്ട് മന്ത്രിമാരുമായി സിദ്ദു കൂടിക്കാഴ്ച നടത്തിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചില എം.എല്‍.എമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബര്‍ഗരി കേസിലും അതിനെതുടര്‍ന്നുണ്ടായ വെടിവെപ്പിലും നീതി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഈ രണ്ട് വിഷയങ്ങളായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമെന്ന് നേതാക്കള്‍ പറയുന്നു. ബര്‍ഗരിയിലെ മതനിന്ദ കേസില്‍ നീതി നടപ്പാക്കാത്തതില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.