India National

ഭാരത് ബന്ദിന് പത്ത് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 8ന് കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പത്ത് ട്രേഡ് യൂണിയനുകളുടെ പിന്തുണ. പത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് ഭാരത് ബന്ദിന് ഐകൃദാര്‍ഢ്യം അറിയിച്ചത്. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, സി.ഐ.ടി.യു, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, എസ്.ഇ.ഡബ്ല്യൂ.എ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകളാണ് സംയുക്ത ഫോറത്തിന്‍റെ ഭാഗമായുള്ളത്. പിന്തുണ പ്രഖ്യാപിച്ച സംയുക്ത പ്രസ്താവനയും ഇവര്‍ പുറത്തിറക്കി.

ഡിസംബര്‍ എട്ടിന് നടത്തുന്ന ഭാരതബന്ദില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും ബ്ലോക് ചെയ്യുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള എല്ലാ ഹൈവേ ടോള്‍ ഗേറ്റുകളും കൈയടക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ബന്ദ് ദിനമായ ഡിസംബര്‍ എട്ടിന് ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു.